'അസ്സലാമു അലൈക്കും നിയമവിരുദ്ധമാണെങ്കിൽ നിർത്താമെന്ന്'ഡൽഹി കോടതിയോട് ഖാലിദ് സൈഫി
ഡൽഹി പൊലീസ് സമർപ്പിച്ച ഗമണ്ടൻ ചാർജ് ഷീറ്റിനെതിരെ നാഷനൽ ഗ്രീൻ ട്രൈബൂണലിൽ പോകുമെന്നും രണ്ടു മില്ല്യൺ പേപ്പറാണ് അവർ നശിപ്പിച്ചതെന്നും സൈഫി പരിഹസിച്ചു
ന്യൂഡൽഹി: 'അസ്സലാമു അലൈക്കും എന്ന് പറയുന്നത് നിയമവിരുദ്ധമാണെങ്കിൽ നിർത്താമെന്ന്'ഡൽഹി കോടതിയോട് ആക്ടിവിസ്റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെൽഹി കലാപം സംബന്ധിച്ച കേസ് വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കവേയാണ് കൗതുകമുണർത്തുന്ന സംവാദമുണ്ടായത്. എന്നാൽ അസ്സലാമു അലൈക്കും പറയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അത് പ്രോസിക്യൂഷന്റെ സബ്മിഷനായിരുന്നുവെന്നും അഡീഷണൽ സെഷൻസ് ജഡ്ജി അമിതാബ് റാവത്ത് പറഞ്ഞു.
ഷർജീൽ ഇമാം കേസിൽ പ്രോസിക്യൂഷൻ നടത്തിയ വാദഗതിയെ സൂചിപ്പിച്ചാണ് കലാപക്കേസിലെ ഗൂഢാലോചനാ കുറ്റാരോപിതനായ സൈഫി ഇക്കാര്യം പറഞ്ഞത്.
പൗരത്വ ദേദഗതി ബില്ലിനെതിരെ അലിഗഢിൽ നടന്ന പ്രതിഷേധപരിപാടിയിൽ സംസാരിക്കവേ ഷർജീൽ ഇമാം അസ്സലാമു അലൈക്കും എന്ന് പറഞ്ഞ് തുടങ്ങിയെന്നും ഇത് പൊതുസമൂഹത്തെയല്ല, ഒരു പ്രത്യേക സമുദായത്തെ മാത്രം അഭിസംബോധന ചെയ്യുന്നതാണെന്നുമാണ് സെപ്തംബർ ഒന്നിന് പ്രോസിക്യൂഷൻ നൽകിയ സബ്മിഷനിൽ പറഞ്ഞത്.
ഡൽഹി പൊലീസ് സമർപ്പിച്ച ഗമണ്ടൻ ചാർജ് ഷീറ്റിനെതിരെ നാഷനൽ ഗ്രീൻ ട്രൈബൂണലിൽ പോകുമെന്നും രണ്ടു മില്ല്യൺ പേപ്പറാണ് അവർ നശിപ്പിച്ചതെന്നും സൈഫി പരിഹസിച്ചു.
മറ്റു കുറ്റാരോപിതരായ നടാഷ നർവാളിന്റെയും ദേഗാംഗന കലിടയുടെയും ഹരജികൾ സെപ്തംബർ 30 ന് വാദം കേൾക്കാൻ കോടതി മാറ്റിവെച്ചു.