റസ്‌ലിങ് ഷൂ പ്രസ്‌ക്ലബ്ബിൽ ഉപേക്ഷിച്ചു; സാക്ഷി മാലിക്കിന് കണ്ണീർ മടക്കം
സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സാക്ഷി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി
ന്യൂഡൽഹി: വികാരനിർഭരമായ, അപ്രതീക്ഷിതമായ രംഗങ്ങൾക്കാണ് ഡൽഹി പ്രസ് ക്ലബ്ബ് ഇന്ന് സാക്ഷ്യം വഹിച്ചത്. മാധ്യമങ്ങളെ സാക്ഷിയാക്കി, ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ റസ്‌ലിങ് ഷൂ പ്രസ്‌ക്ലബ്ബിൽ ഉപേക്ഷിച്ചായിരുന്നു സാക്ഷിയുടെ പടിയിറക്കം.
പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും, ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഞെട്ടിക്കുന്ന തീരുമാനവുമായി താരം രംഗത്തെത്തിയത്. ഗുസ്തി താരങ്ങളുടെ മാസങ്ങൾ നീണ്ടു നിന്ന സമരപോരാട്ടത്തിനൊടുവിലായിരുന്നു ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം. എന്നാൽ പകരം സഞ്ജയ് സിങ്ങിനെ അധ്യക്ഷനാക്കിയതിലൂടെ നീതി നഷ്ടപ്പെട്ടു എന്നാണ് സാക്ഷി ചൂണ്ടിക്കാട്ടിയത്.
സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സാക്ഷി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. പുതിയ അധ്യക്ഷന് കീഴിലും ഗുസ്തി താരങ്ങൾ സുരക്ഷിതരാവില്ലെന്ന് പറഞ്ഞ സാക്ഷി, അപ്രതീക്ഷിതമായി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം കാറിനുള്ളിലും താരം പൊട്ടിക്കരഞ്ഞു.
ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരും സാക്ഷിക്കൊപ്പം വാർത്താസമമ്മേളനത്തിനെത്തിയിരുന്നു. പെൺകുട്ടികൾക്കിനിയും സുരക്ഷയുണ്ടാവില്ലെന്നാണ് സഞ്ജയ് സിംഗിന് അധ്യക്ഷ സ്ഥാനം നൽകിയതിനോട് സംഗീത പ്രതികരിച്ചത്.
"ഇത്തരം ആളുകൾ ഇതുപോലെ ഉത്തരവാദിത്തപ്പെട്ട പോസ്റ്റുകളിലിരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇങ്ങനെ പോയാൽ ഇനിയും പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടും. ഇത്രയും കടുത്ത സമരങ്ങൾക്ക് പോലും ഒരു മാറ്റവും കൊണ്ടുവരാനായില്ല എന്നത് വളരെ സങ്കടകരമാണ്. ഈ രാജ്യത്ത് നീതി എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല". അവർ പറഞ്ഞു.
2016 റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് സാക്ഷി. ഒളിംപിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരവും. ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന സാക്ഷിയുടെ തീരുമാനത്തിന് ഇന്ത്യൻ കായികലോകം വലിയ വില കൊടുക്കേണ്ടി വരുമെന്നതിൽ ഒട്ടും തന്നെ സംശയം വേണ്ട. കൂടാതെ, കടുത്ത സമരപോരാട്ടങ്ങൾക്കും നേതാക്കന്മാരുടെ വിരലനക്കാൻ പോലുമാവില്ലെന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ് ചൂണ്ടിക്കാട്ടുന്നതും.