കൃഷ്ണമൃഗ വേട്ട: സൽമാൻ ഖാൻ പ്രതിയായ കേസ് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റി
വന്യമൃഗത്തെ വേട്ടയാടിയതിന് വന്യജീവിസംരക്ഷണ നിയമത്തിന്റെ 9/51 വകുപ്പ് പ്രകാരവും, വെടിക്കോപ്പുകൾ സൂക്ഷിച്ചതിന് ആയുധനിയമപ്രകാരം 3/25, 3/27 വകുപ്പുകൾ പ്രകാരവുമാണ് സൽമാനെതിരെ കേസെടുത്തിരുന്നത്.
ബോളിവുഡ് താരം സൽമാൻ ഖാൻ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റി. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്.
വന്യമൃഗത്തെ വേട്ടയാടിയതിന് വന്യജീവിസംരക്ഷണ നിയമത്തിന്റെ 9/51 വകുപ്പ് പ്രകാരവും, വെടിക്കോപ്പുകൾ സൂക്ഷിച്ചതിന് ആയുധനിയമപ്രകാരം 3/25, 3/27 വകുപ്പുകൾ പ്രകാരവുമാണ് സൽമാനെതിരെ കേസെടുത്തിരുന്നത്. 2018ൽ ജോധ്പൂർ കോടതി സൽമാന്റെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു.
ഷൂട്ടിങ്ങിനായി സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലി ഖാൻ, സൊണാലി ബെന്ദ്രെ, നീലം, തബു എന്നിവർക്കെതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് അവരെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.