എസ്.പിയും, ബി.എസ്.പിയും 'രാഹു'വും 'കേതു'വും; അകലം പാലിക്കണമെന്ന് യോഗി ആദിത്യനാഥ്
ഇരു പാർട്ടികളും പലതവണ സംസ്ഥാനം ഭരിച്ചു, എന്നാൽ അഴിമതി അനുവദിച്ചും എല്ലാത്തരം മോശം നടപടികളും പ്രോത്സാഹിപ്പിച്ചും യുവാക്കളുടെ ജീവിതം നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യോഗി കുറ്റപ്പെടുത്തി
അസംഗഡ്: സമാജ്‍വാ ദി പാർട്ടിയെയും ബഹുജൻ സമാജ് പാർട്ടിയെയും നിഴൽ ഗ്രഹങ്ങളായ രാഹുവിനോടും കേതുവിനോടും ഉപമിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവർ ഉത്തർപ്രദേശിന്റെ വികസനത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അസംഗഢ് മണ്ഡലത്തിലേക്കുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവയ്ക്ക് വോട്ട് തേടി അക്‌ബെൽപൂരിലും ബഗേല ഗ്രൗണ്ടിലും നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.പി.യും ബി.എസ്.പിയും യു.പിയുടെ വികസനത്തിന്റെ രാഹു-കേതുവാണ്. അവരുമായി അകലം പാലിച്ചാലേ വികസനം വരൂവെന്നും യോഗി ജനങ്ങളോട് പറഞ്ഞു.
ഇരു പാർട്ടികളും പലതവണ സംസ്ഥാനം ഭരിച്ചു, എന്നാൽ അഴിമതി അനുവദിച്ചും എല്ലാത്തരം മോശം നടപടികളും പ്രോത്സാഹിപ്പിച്ചും യുവാക്കളുടെ ജീവിതം നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'അവരുടെ മുഴുവൻ രാഷ്ട്രീയവും കുടുംബത്തെയും സ്വാർത്ഥ ലക്ഷ്യങ്ങളെയും ചുറ്റിപ്പറ്റിയാണ്. സംസ്ഥാനത്തിന്റെ വികസനം, യുവാക്കളുടെ തൊഴിൽ, കർഷകരുടെ ക്ഷേമം, സ്ത്രീകളുടെയും പൗരന്മാരുടെയും സുരക്ഷ, സുരക്ഷ എന്നിവ ഒരിക്കലും അവരുടെ അജണ്ടയിലില്ല,' യോഗി കൂട്ടിച്ചേർത്തു.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മുഖ്യമന്ത്രി പരിഹസിച്ചു. ഒരു കുടുംബത്തിൽ നിന്ന് രണ്ട് മുൻ മുഖ്യമന്ത്രിമാരെ എം.പിയായി തെരഞ്ഞെടുത്തു, പക്ഷേ തിരിച്ച് വികസനം ലഭിച്ചില്ല. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ പോലും ഒരിക്കൽ പോലും അദ്ദേഹം തന്റെ മണ്ഡലം സന്ദർശിച്ചില്ല. കോവിഡ് വാക്‌സിനെ കുറിച്ചും അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.കോവിഡ് സമയത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ താൻ മൂന്ന് തവണ അസംഗഢ് സന്ദർശിച്ചതായി യോഗി അവകആശപ്പെട്ടു. ബി.എസ്.പി അധ്യക്ഷ മായാവതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.
' പൂർവാഞ്ചൽ എക്സ്പ്രസ് വേ തുറന്നതോടെ അസംഗഢിന് മറ്റു സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാനാകും. ഒരാൾക്ക് രണ്ട് മണിക്കൂറിനുള്ളിൽ ലക്നൗവിൽ എത്താം. പൂർവാഞ്ചൽ എക്സ്പ്രസ് വേ വ്യവസായ ക്ലസ്റ്ററുകൾ നിർമ്മിക്കുന്നതിനും അതുവഴി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. വിമാന സർവീസുകളും അസംഗഢിൽ ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്'. മഹാരാജ് സുഹേൽ ദേവ് സർവകലാശാല സ്ഥാപിച്ചതോടെ വിദ്യാർഥികൾക്ക് ബിരുദം നേടുന്നതിന് ജൗൻപൂർ, കാശി, ഗോരഖ്പൂർ എന്നിവിടങ്ങളിൽ പോകേണ്ടതില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജൂൺ 23നാണ് റാം പൂരിനൊപ്പം അസംഗഢിലും വോട്ടെടുപ്പ് നടക്കുന്നത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മെയിൻപുരിയിലെ കർഹാലിൽ നിന്ന് വിജയിച്ച എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് സീറ്റ് രാജിവച്ചതിനെ തുടർന്നാണ് അസംഗഢിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.