'അംഗസംഖ്യ രണ്ടക്കം കടന്നില്ല'; സമാജ്‌വാദി പാർട്ടിക്ക് യു.പി ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി
സഭയിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സമാജ്‌വാദി പാർട്ടിക്ക് പ്രതിപക്ഷനേതാവ് സ്ഥാനത്തിന് അർഹതയുണ്ടെന്ന് പാർട്ടിനേതാവായ സഞ്ജയ് ലത്താർ പറഞ്ഞു.
ലഖ്‌നൗ: ആവശ്യമായ അംഗബലമില്ലാത്തതിനാൽ സമാജ്‌വാദി പാർട്ടിക്ക് യു.പി ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. 100 അംഗ സഭയിൽ 10 അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയുള്ളൂ. മെയ് 27ന് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് സിങ് ഇറക്കിയ ഉത്തരവ് അനുസരിച്ച് സമാജ്‌വാദി പാർട്ടിക്ക് 11 അംഗങ്ങളുണ്ടായിരുന്നു. ജൂലൈ ഏഴിന് അംഗബലം ഒമ്പതായി കുറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത്.
ലാൽ ബിഹാരി യാദവ് ആയിരുന്നു ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവ്. അംഗബലം കുറഞ്ഞതോടെ അദ്ദേഹത്തെ കക്ഷിനേതാവ് മാത്രമാക്കി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
അതേസമയം സഭയിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സമാജ്‌വാദി പാർട്ടിക്ക് പ്രതിപക്ഷനേതാവ് സ്ഥാനത്തിന് അർഹതയുണ്ടെന്ന് പാർട്ടിനേതാവായ സഞ്ജയ് ലത്താർ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രിയായ ചൗധരി ഭൂപേന്ദ്ര സിങ് എന്നിവരടക്കം 12 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി ബുധനാഴ്ച പൂർത്തിയായിരുന്നു. ഇരുവരും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറ് എസ്.പി അംഗങ്ങളുടെയും മൂന്ന് ബി.എസ്.പി അംഗങ്ങളുടെയും ഏക കോൺഗ്രസ് അംഗത്തിന്റെ കാലാവധിയും ബുധനാഴ്ച പൂർത്തിയായി.
നിലവിൽ ബി.ജെ.പിക്ക് 72 അംഗങ്ങളും എസ്.പിക്ക് ഒമ്പത് അംഗങ്ങളുമാണ് ലെജിസ്ലേറ്റീവ് കൗൺസിലിലുള്ളത്. കോൺഗ്രസിന് ഒരംഗം പോലുമില്ല.