സംഭൽ സംഘർഷം: പ്രതിഷേധക്കാരുടെ ഫോട്ടോയുള്ള പോസ്റ്ററുകൾ പതിക്കാനൊരുങ്ങി യുപി പൊലീസ്
നവംബർ 24ന് ഉണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
ലഖ്‌നോ: സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിക്കാൻ യുപി പൊലീസിന്റെ നീക്കം. പൊലീസിനെതിരെ കല്ലെറിയുകയും വെടിവെക്കുകയും ചെയ്ത നൂറോളം പേരുടെ ഫോട്ടോ പരസ്യപ്പെടുത്താനാണ് തീരുമാനം. നവംബർ 24ന് ഉണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധക്കാരാണ് വെടിവെച്ചതെന്നാണ് പൊലീസ് വാദം.
നിരപരാധികൾക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല. എന്നാൽ ഡ്രോൺ ക്യാമറകളിലെയും പ്രദേശത്തെ സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ ആളുകൾക്കെതിരെ കർശന ശിക്ഷാ നടപടിയുണ്ടാവും. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. അവരുടെ ഫോട്ടോകളുള്ള പോസ്റ്ററുകൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കും, വിവിധ സ്രോതസ്സുകളിലൂടെ തങ്ങൾ തിരിച്ചറിഞ്ഞവരെ പിടികൂടാൻ പൊലീസിനെ സഹായിക്കുന്നതിന് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ടെന്നും സംഭൽ എസ്പി കൃഷ്ണകുമാർ ബിഷ്‌ണോയ് പറഞ്ഞു.
മൂന്ന് ദിവസത്തെ സംഘർഷത്തിന് ശേഷം സംഭൽ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. സ്‌കൂളുകളും കോളജുകളും ഇന്നലെ തുറന്നു പ്രവർത്തിച്ചെങ്കിലും ഹാജർ നില കുറവായിരുന്നു. നിരവധി കടകൾ ചൊവ്വാഴ്ച തന്നെ തുറന്നുപ്രവർത്തിച്ചിരുന്നു. ആളുകൾ കൂടുതലായി പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല. മസ്ജിദിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആളുകൾ വീടുകൾ പൂട്ടി സമീപ ജില്ലകളിലെ ബന്ധുവീടുകളിലേക്ക് പോയിരിക്കുകയാണ്. നിരവധി വീടുകൾ പൂട്ടിയിട്ട നിലയിലാണ്. സംഭലിൽ ഇന്റർനെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് പൊലീസ് കഴിഞ്ഞ ദിവസം ഫ്‌ളാഗ് മാർച്ച് നടത്തിയിരുന്നു.
അതിനിടെ പൊലീസ് വെടിവെപ്പിലാണ് അഞ്ചുപേർ കൊല്ലപ്പെട്ടത് എന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസെടുത്തെങ്കിലും കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലാണ് എന്നതിന് ആരോപണമുന്നയിക്കുന്നവർ തെളിവ് കൊണ്ടുവരണമെന്ന് എസ്പി പറഞ്ഞു. തെളിവുണ്ടെങ്കിൽ തീർച്ചയായും നടപടിയുണ്ടാവും. പൊലീസ് വെടിവെപ്പിൽ ആരും മരിച്ചിട്ടില്ല, ആൾക്കൂട്ടം നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നതെന്നും എസ്പി ബിഷ്‌ണോയ് വ്യക്തമാക്കി.
സംഘർഷവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭൽ എംപി സിയാവുറഹ്മാൻ ബർഖ്, സമാജ്‌വാദി പാർട്ടി എംഎൽഎ നവാബ് ഇഖ്ബാൽ മുഹമ്മദിന്റെ മകൻ സുഹൈൽ ഇഖ്ബാൽ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.