'നാലു മാസം മുമ്പ് രജിസ്റ്റർ വിവാഹം, സമ്മാനമായി സ്വർണച്ചെയിൻ; സനാ ഖാനും അമിത് സാഹുവും വാക്കുതർക്കമുണ്ടായി'
ആഗസ്ത് രണ്ടിനാണ് അമിത് സാഹു ഭാര്യ സനാ ഖാനെ കൊന്ന് നദിയിൽ തള്ളിയത്
ജബൽപൂർ: നാഗ്പൂരിലെ ബിജെപി നേതാവ് സനാ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും ഭർത്താവ് അമിത് സാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു. ആഗസ്ത് രണ്ടിനാണ് സനയെ കൊന്ന ശേഷം അമിത് സാഹു ഗ്രാമത്തിന് അടുത്തുള്ള നദിയിലെറിഞ്ഞത്. എട്ടു ദിവസങ്ങൾക്ക് ശേഷമാണ് അമിതിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സനയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ജബൽപൂരിന് അടുത്ത ഹോട്ടൽ നടത്തുന്ന സാഹു സനയെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി 45 കിലോമീറ്റർ അകലെയുള്ള ഹിരൻ നദിയിൽ തള്ളുകയായിരുന്നു. ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഇതേക്കുറിച്ച് മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെ;
മകളെ കാണാനില്ലെന്ന പരാതിയുമായി സനയുടെ അമ്മ ആദ്യം നാഗ്പൂർ പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ജബൽപൂരിലെത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അമിത് സാഹുവിനെയും കാണാനില്ലെന്ന വിവരം കിട്ടിയത്. ഇതോടെ അമിതിന്റെ ധാബയിൽ (ഹോട്ടൽ) ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
ചോദ്യം ചെയ്യലിൽ വെയ്റ്റർ ജിതേന്ദ്ര ഗൗർ ആണ് പൊലീസിന് മുമ്പാകെ നിർണായക വിവരങ്ങൾ നൽകിയത്. ആഗസ്ത് രണ്ടിന് സാഹുവിന്റെ കാറിലെ രക്തക്കറകൾ താനാണ് കഴുകിക്കളഞ്ഞതെന്ന് ഗൗർ പറഞ്ഞു. വീട്ടിൽ വച്ച് സനയെ കൊന്ന ശേഷം ഡിക്കിയിലാക്കി നദയിൽ തള്ളുകയായിരുന്നു എന്നാണ് ഗൗർ പറഞ്ഞത്.
ആഗസ്ത് ഒന്നിനാണ് ജബൽപൂരിൽനിന്ന് ഭർത്താവിനെ കാണാൻ സന നാഗ്പൂരിലെത്തിയത്. സ്വകാര്യ ബസ്സിലായിരുന്നു വരവ്. ജബൽപൂരിലെത്തിയ ഉടൻ അമ്മയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുവരാമെന്നും അറിയിച്ചു. പിന്നീട് സനയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
നാലു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം കഴിഞ്ഞത്. ഇത് അമിതിന്റെ രണ്ടാം വിവാഹമാണ്. പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ആദ്യ ഭാര്യ. വിവാഹ വേളയിൽ സന അമിതിന് ഒരു സ്വർണച്ചെയിൻ സമ്മാനമായി നൽകിയിരുന്നു. കുറച്ചു ദിവസമായി വീഡിയോ കോൾ ചെയ്യുമ്പോൾ ഈ ചെയിൻ അമിതിന്റെ കഴുത്തിൽ ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച വേളയിലെല്ലാം അമിത് ഒഴിഞ്ഞുമാറുകയായിരുന്നു. ചെയിൻ അമിത് വിറ്റതായാണ് സന കരുതിയിരുന്നത്.
ഇതുകൂടാതെ മൂന്നു മൊബൈൽ ഫോണും പത്തു സിംകാർഡും സനയുടെ പേരിലുണ്ട്. ആരുടെയെല്ലാം പേരിലാണ് സിംകാർഡുകൾ എടുത്തത് എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സനയുടെ മൂന്നു മൊബൈൽ ഫോണുകളും മിസ്സിങ്ങാണ്. ആഗസ്ത് രണ്ട് മുതൽ ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.