'സനാതന ധർമത്തിന്റെ ശത്രുക്കൾ സ്വയം നശിപ്പിച്ചു'; കോൺഗ്രസ് തോൽവിയിൽ വിഎച്ച്പി
മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെയാണ് അതിന് വർഗീയമാനം നൽകിയുള്ള വിഎച്ച്പി പ്രസ്താവന.
ന്യൂഡൽഹി: സനാതൻ ധർമം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചന്ന് വിശ്വഹിന്ദു പരിഷത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെയാണ് അതിന് വർഗീയമാനം നൽകിയുള്ള വിഎച്ച്പി പ്രസ്താവന.
“സനാതനത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിക്കാൻ നിർബന്ധിതരായി...!! വോട്ടിന് വേണ്ടി പ്രീണനത്തിൽ കുടുങ്ങിപ്പോയ ഇവർ സനാതന ധർമത്തിന്റെ ശക്തി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?''- വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്‌സിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ അധികാരമുറപ്പിച്ച ബി.ജെ.പി ഹിന്ദി ഹൃദയഭൂമിയിൽ വ്യക്തമായ ആധിപത്യം നേടി. രാജസ്ഥാനിൽ 115 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസിന് 69 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മധ്യപ്രദേശിൽ 165 സീറ്റുകളിലാണ് ബി.ജെ.പി മുന്നിലെത്തിയത്. 65 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ആധിപത്യം. ഛത്തീസ്ഗഢിൽ 54 സീറ്റോടെ ബി.ജെ.പി അധികാരം പിടിച്ചപ്പോൾ 35 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന്റെ സമ്പാദ്യം.
അതേസമയം, തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസം. 64 സീറ്റോടെ അധികാരത്തിലെത്തിയ കോൺഗ്രസ് ഭരണകക്ഷിയായ ബി.ആർ.എസിനെ ഏറെ പിന്നിലാക്കി. 39 സീറ്റുകളാണ് ബിആർഎസ് നേടിയത്. ബി.ജെ.പി എട്ട് സീറ്റുകളും എ.ഐ.എം.ഐ.എം ഏഴ് സീറ്റുകളും നേടി.