​ഗവർ‍ണറുടെ വീട്ടിലും കള്ളൻ‍; രാജ്ഭവനിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തി

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തപ്പെടുന്നത്.

Update: 2022-09-17 10:01 GMT
Advertising

​ഗവർ‍ണറുടെ വസതിയായ രാജ്ഭവനിലും കയറി മോഷ്ടാക്കൾ‍. ആറ് ചന്ദനമരങ്ങളാണ് രാജ്ഭവനിൽ നിന്ന് മുറിച്ചുകടത്തിയത്. മഹാരാഷ്ട്ര ​ഗവർ‍ണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. ഇവിടുത്തെ സി.സി.ടി.വി ക്യാമറകൾ‍ മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നതാണ് മോഷ്ടാക്കൾക്ക് എളുപ്പമായത്.

കേടായ സി.സി.ടി.വി ക്യാമറകൾ ഉള്ള സ്ഥലത്തു നിന്നുതന്നെ രണ്ട് മരങ്ങൾ മോഷ്ടിക്കപ്പെട്ടു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്ഭവനിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തപ്പെടുന്നത്. ജൂണിൽ രണ്ട് ചന്ദനമരങ്ങളാണ് ഇവിടെ നിന്നും മോഷണം പോയത്.

മോഷ്ടിച്ച മരങ്ങൾ വാങ്ങുന്ന ചന്ദനരാജാവെന്ന് അറിയപ്പെടുന്ന കനൗജ് സ്വദേശി ഷമീം പത്താൻ കഴിഞ്ഞ കേസ് മുതൽ ഒളിവിലാണ്. ജൂണിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കാഠോലിനടുത്തുള്ള പാർധി കോളനിയിൽ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. എന്നാൽ‍ നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്.

മഴ മൂലമാണ് സി.സി.ടി.വി ക്യാമറകൾ കേടായത് എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിൽ മോഷണം നടന്നപ്പോഴും സി.സി.ടി.വി ക്യാമറകൾ പ്രവർ‍ത്തന രഹിതമായിരുന്നു.

അന്നത്തെ കവർച്ചയ്ക്ക് ശേഷം രാജ്ഭവൻ പരിസരത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നിട്ടും കവർച്ച നടന്നത് സുരക്ഷാ ഉദ്യോ​ഗസ്ഥരുടേയും പൊലീസിന്റേയും വീഴ്ചയാണെന്നാണ് ആരോപണം.

സിസിടിവി ദൃശ്യങ്ങളുടെ അഭാവത്തിൽ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും ഇല്ലെങ്കിലും ക്രൈംബ്രാഞ്ചിനെ കൂടാതെ സദർ പൊലീസും സമാന്തര അന്വേഷണം ആരംഭിച്ചു. പുതിയ സംഭവത്തിൽ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News