സന്ദേശ്ഖലി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ തെര. കമ്മീഷന് പരാതി നൽകുമെന്ന് തൃണമൂൽ
സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചിരുന്നു.
കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സന്ദേശ്ഖലി ലൈംഗിക പീഡനക്കേസിൽ ബിജെപിയുടെ കള്ളക്കളി പുറത്തായതോടെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖലിയിൽ ഉയർന്ന സ്ത്രീകൾക്കെതിരായ അതിക്രമ- പീഡനാരോപണ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കമ്മീഷൻ അധ്യക്ഷ രേഖാ ശർമയുടെ ശുപാർശയാണ് തൃണമൂൽ നീക്കത്തിന് ആധാരം.
രേഖ ശർമയ്‌ക്കെതിരെ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും പാർട്ടി വക്താവുമായ ശശി പഞ്ജ പറഞ്ഞു. നേരത്തെ, വിഷയത്തിൽ ബിജെപിക്കും പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്കുമെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും പഞ്ജ വ്യക്തമാക്കി.
സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചിരുന്നു. ബിജെപി നേതാക്കൾ വീട്ടിലെത്തി തൃണമൂൽ നേതാക്കൾക്കെതിരെ പരാതി നൽകാൻ നിർബന്ധിക്കുകയും ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടീക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയാണ് ഇവർ പരാതിയിൽ നിന്നു പിന്മാറിയത്. ഇതോടെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടായത്.
മാധ്യമങ്ങൾക്കു മുന്നിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇരകളിലൊരാളായ യുവതി വെളിപ്പെടുത്തിയത്. തൃണമൂൽ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശൈഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു സ്ത്രീകൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ബലാത്സംഗം ചെയ്തെന്നും ഭൂസ്വത്തുക്കൾ തട്ടിയെടുത്തെന്നും ഉൾപ്പെടെയായിരുന്നു ആരോപണങ്ങൾ. പരാതി നൽകിയ യുവതിയും ഭർതൃമാതാവുമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ദേശീയ വനിതാ കമ്മീഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചത്. ഇത് തൃണമൂൽ നേതാക്കൾക്കെതിരെ വ്യാജ പരാതിയാണെന്ന് പിന്നീടാണ് വ്യക്തമാവുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഭീഷണി നേരിടുകയാണെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വിശദമാക്കി.
പിയാലി ദാസ്, മമ്പി ദാസ് എന്നിങ്ങനെ പേരുള്ള രണ്ടു സ്ത്രീകൾ ഒരു ദിവസം വീട്ടിൽ വന്ന് ഭർതൃമാതാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്റ്റേഷനിൽ കയറിയ ശേഷം ഗേറ്റ് അകത്തുനിന്ന് പൂട്ടി. നൂറുദിന തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാചകപ്പണിക്കു കിട്ടേണ്ട തുക ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയാണ് അമ്മ നൽകിയത്. പരാതി നൽകിയ ശേഷം ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടാൻ ആശ്യപ്പെട്ടു. എന്ത് ആവശ്യത്തിനാണിതെന്നെന്നും അവർ അറിയില്ലായിരുന്നു. എന്നാൽ, തൃണമൂൽ നേതാക്കൾ പീഡിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ താനും അമ്മയുമുണ്ടെന്ന വിവരമാണ് പിന്നീട് അറിയുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.