പശ്ചിമ ബംഗാൾ ഡിജിപിയായി സഞ്ജയ് മുഖർജിയെ നിയമിച്ചു
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള രാജീവ് കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിയിരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഡിജിപിയായി സഞ്ജയ് മുഖർജിയെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ ഡി.ജി.പിയായിരുന്ന വിവേക് സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നീക്കിയിരുന്നു.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് വിവേക് സഹായിയെ ഡി.ജി.പിയായി നിയമിക്കാൻ ഉത്തരവിട്ടത്. മെയ് അവസാന വാരം അദ്ദേഹം ജോലിയിൽ നിന്ന് വിരമിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖർജിയെ ഡിജിപിയായി നിയമിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് പേരുടെ പട്ടികയാണ് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ചത്. അതിൽ രണ്ടാമത്തെയാളാണ് 1989 ബാച്ചുകാരനായമുഖർജി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം നിയമന ഉത്തരവിറക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനോട് നിർദേശിച്ചിരിക്കുന്നത്.
ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും ബംഗാൾ ഡി.ജി.പിയെയും മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള രാജീവ് കുമാറിനെയാണ് മാറ്റാൻ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുൻപ് ബംഗാൾ ഡി.ജി.പിമാരെ മാറ്റിയിരുന്നു.
ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാനാണു നിര്‍ദേശം. ഇതിനു പുറമെയാണ് ബംഗാൾ ഡി.ജി.പി, ഹിമാചൽപ്രദേശ്, മിസോറം ജനറൽ അഡ്മിനിസ്‌ട്രേറ്റിവ് സെക്രട്ടറിമാർ എന്നിവരെ മാറ്റാൻ ഉത്തരവിട്ടത്. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണു നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.