'അല്‍പം പോലും കുറ്റബോധമില്ല, പീഡനക്കൊലയെക്കുറിച്ച് ഒരു മടിയുമില്ലാതെ വിവരിച്ചു'; കൊല്‍ക്കത്ത കൊലപാതകത്തിലെ പ്രതിയെക്കുറിച്ച് സി.ബി.ഐ
ശരിക്കും അയാളൊരു മൃഗമാണ്. ചോദ്യം ചെയ്യുമ്പോള്‍ പേടിയോ പരിഭ്രമമോ അയാള്‍ക്കുണ്ടായിരുന്നില്ല
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായ പ്രതി സഞ്ജയ് റോയി ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനിടയില്‍ സഞ്ജയ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഒരു മടിയുമില്ലാതെയാണ് പ്രതി അന്നത്തെ അരുംകൊലയെക്കുറിച്ച് വിവരിച്ചതെന്ന് സി.ബി.ഐ സംഘം പറയുന്നു.
''ശരിക്കും അയാളൊരു മൃഗമാണ്. ചോദ്യം ചെയ്യുമ്പോള്‍ പേടിയോ പരിഭ്രമമോ അയാള്‍ക്കുണ്ടായിരുന്നില്ല. കുറ്റബോധം തീരെയില്ല. സംഭവദിവസം എന്താണ് നടന്നത് എന്തിനെക്കുറിച്ച് അയാള്‍ ഒന്നും വിടാതെ വിവരിച്ചു. ഒന്നും ഒഴിവാക്കിയില്ല'' ഒരു ഉദ്യോഗസ്ഥന്‍ സി.ബി.ഐയോട് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെയും ബ്ലൂടൂത്ത് ഹെഡ്സെറ്റിൻ്റെയും അടിസ്ഥാനത്തിലാണ് റോയിയെ അറസ്റ്റ് ചെയ്തത്. വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിനു പുറത്ത് 16 മുറിവുകളും 9 ആന്തരിക മുറിവുകളും കണ്ടെത്തി. ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.സഞ്ജയ് റോയ്, ആര്‍ജി കര്‍ ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയതിന് പശ്ചിമ ബംഗാൾ സർക്കാരിനെയും പൊലീസിനെയും സുപ്രിം കോടതി വ്യാഴാഴ്ച വിമർശിച്ചിരുന്നു.
കഴിഞ്ഞ ആഗസ്ത് 9നാണ് പിജി ട്രെയിനി ഡോക്ടറായ യുവതിയെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായിരുന്നു പ്രതിയായ സഞ്ജയ് റോയ്. പ്രതിക്ക് ആശുപത്രിയിൽ തടസ്സമില്ലാതെ പ്രവേശിക്കാൻ കഴിയും. ഇക്കാരണത്താൽ, ആർക്കും ഇയാളിൽ അത്തരം സംശയമുണ്ടായിരുന്നില്ല, സംഭവദിവസം രാത്രിയിൽ പോലും ഇയാൾ പലതവണ ആശുപത്രിയിൽ വന്നിരുന്നു. സംഭവ ദിവസം രാത്രി 11 മണിയോടെ മദ്യം കഴിക്കാൻ ആശുപത്രിക്ക് പുറകിൽ പോയി. അവിടെ മദ്യപിക്കുന്നതിനിടയിൽ ഒരു പോൺ സിനിമ കണ്ടു. ഇതിനുശേഷം പുലർച്ചെ നാലിന് പിൻവാതിലിലൂടെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലേക്ക് കടക്കുന്നത് കണ്ടിരുന്നു. ഇതിന് ശേഷം 4.45ഓടെ സെമിനാർ ഹാളിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടിരുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകാൻ പ്രതി ശ്രമിച്ചിരുന്നുവെന്നതിന് തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയ ശേഷം, കുറ്റകൃത്യം ചെയ്യുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുകി. എന്നാൽ രക്തക്കറകൾ വ്യക്തമായി കാണാവുന്ന ഇയാളുടെ ഷൂ പൊലീസ് കണ്ടെടുത്തു. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാൾ പൂർണമായും മദ്യപിച്ചിരുന്നു. പ്രതിയുടെ മൊബൈൽ നിറയെ പോൺ വീഡിയോകളാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായിരുന്നു കൊല്ലപ്പെട്ട 31കാരി.
സംഭവദിവസം ആശുപത്രിയിലെത്താന്‍ സഞ്ജയ് റായ്ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. സാധാരണ ആളുകള്‍ കാണുന്ന തരത്തിലുള്ള അശ്ലീല വീഡിയോകളല്ല പ്രതി കണ്ടിരുന്നതെന്നും അത്രയും വികലമായിരുന്നു റായിയുടെ മനസെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.