'ഗ്രാമത്തിൽ പ്രൈമറി സ്‌കൂളില്ല'; ഗുജറാത്ത് ബിജെപി അധ്യക്ഷനോട് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമമുഖ്യൻ
വഡോദരയിലെ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സർപഞ്ചിന്റെ പ്രതിഷേധം
വഡോദര: ഗ്രാമത്തിൽ പ്രൈമറി സ്‌കൂളില്ലെന്ന പരാതിയുമായി ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പട്ടീലിന്റെ പരിപാടിയിൽ ഗ്രാമമുഖ്യൻ. വഡോദരയിലെ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സർപഞ്ച് തന്റെ ഗ്രാമത്തിൽ സ്‌കൂളില്ലെന്നും ഒരു വർഷമായി പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞത്. പാട്ടീൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സർപഞ്ചിന്റെ പ്രതിഷേധം.
'പാട്ടീൽ സാഹേബ്, ഖത്തംബയിൽ സ്‌കൂളില്ല, അതേപ്പറ്റിയും പറയൂ' വേദിയിൽ നിന്ന് എഴുന്നേറ്റുനിന്ന സർപഞ്ച് പറഞ്ഞു. 'തീർച്ചയായും സ്‌കൂളും പണിയും' പാട്ടീൽ മറുപടി പറഞ്ഞു. ഒരു വർഷമായി താൻ പരാതിപ്പെടുന്നുവെന്നായിരുന്നു അപ്പോൾ സർപഞ്ചിന്റെ പ്രതികരണം. 'കുഴപ്പമില്ല, ഞങ്ങൾ സ്‌കൂൾ ഉദ്ഘാടനവും നടത്താം' എന്നായി പാട്ടീൽ. 'ഖത്തംബയിൽ സ്‌കൂളുകളില്ല, എല്ലാം സ്വകാര്യ സ്‌കൂളുകളാണ്...' സർപഞ്ച് വീണ്ടും പ്രതികരിച്ചു. അപ്പോഴേക്കും സുരക്ഷാ ജീവനക്കാർ സർപഞ്ചിനെ ഒതുക്കിയിരുത്തി.
ഗാന്ധി നഗർ കോൺഗ്രസ് സേവദൾ ഈ സംഭവത്തിന്റെ വൈറൽ വീഡിയോ എക്‌സിൽ പങ്കുവെച്ചു. ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറും വീഡിയോ പങ്കുവെച്ചു. ദേശീയ വാർത്താമാധ്യമങ്ങൾ ഇത് കവർ ചെയ്യാൻ ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 30 വർഷത്തെ ബിജെപി ഭരണത്തിന്റെ അനന്തര ഫലമാണിതെന്ന് ഒരാൾ വീഡിയോക്ക് താഴെ കുറിച്ചു.