'ഹിന്ദി രാഷ്ട്രവാദികള്‍ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായെഴുതാൻ പഠിക്കണം'; കേന്ദ്ര സർക്കാർ വെബ്സൈറ്റിനെ വിമർശിച്ച് ശശി തരൂർ

റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി നൽകിയ പട്ടികയിലാണ് തെറ്റ്.

Update: 2023-01-29 16:21 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റായ mygov.inല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും പേരുകള്‍ തെറ്റായി എഴുതിയതിനെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി നൽകിയ പട്ടികയിലാണ് രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റിച്ചെഴുതിയത്.

Keralaയ്ക്ക് പകരം Kerela എന്നും Tamil Naduന് പകരം Tamil Naidu എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് തരൂർ രം​ഗത്തെത്തിയത്.

'mygov.in വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കാന്‍ തയാറായാല്‍ ദക്ഷിണ ഭാരതവാസികളായ ഞങ്ങള്‍ വളരെ നന്ദിയുള്ളവരായിരിക്കും'- എന്നാണ് തരൂരിന്റെ ട്വീറ്റ്.

വെബ്‌സൈറ്റില്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ തെറ്റിച്ചെഴുതിയിരിക്കുന്ന പേജിന്റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇതിൽ അക്ഷരത്തെറ്റ് വരുത്തിയെഴുതിയിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ പേരുകൾ ചുവന്ന വട്ടത്തിലിട്ടാണ് സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, തരൂരിന്റെ ട്വീറ്റിനു പിന്നാലെ സംഭവം വിവാദമായെന്ന് വ്യക്തമായ അധികൃതർ വെബ്‌സൈറ്റില്‍ തിരുത്തല്‍ വരുത്തി.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News