''ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്ന് മോദി ജയിലിൽ പോയതിനു തെളിവില്ല''; വിവരാവകാശ രേഖയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്
സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്നു ജയിലില്‍ പോയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്കയില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹം കടന്ന് ജയിലിൽ പോയിട്ടുണ്ടെന്ന നരേന്ദ്ര മോദിയുടെ വാദത്തിനു രേഖകളില്ലെന്ന് പ്രധാമന്ത്രിയുടെ ഓഫീസ്. വിവരാവകാശ രേഖപ്രകാരമുള്ള അന്വേഷണത്തിലാണ് ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ധാക്കയിൽ നടന്ന ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.
20-22 വയസ് പ്രായത്തിൽ നിരവധി സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സത്യഗ്രഹമിരുന്നിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിന്റെ പേരിൽ അറസ്റ്റ് വരിക്കുകയും ജയിലിൽ പോകുകയും ചെയ്തിട്ടുണ്ടെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മോദിയുടെ അവകാശവാദത്തിൽ സംശയം പ്രകടിപ്പിച്ച് ആ സമയത്തു തന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്റയർ പൊളിറ്റിക്കൽ സയൻസ് ബിരുദം, ചായവിൽപന തുടങ്ങിയ വാദങ്ങളെപ്പോലെ ഇതും വ്യാജമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വിവാദങ്ങൾക്കിടെ 2021 മാർച്ച് 27ന് സാമൂഹിക പ്രവർത്തകനായ ജയേഷ് ഗുർനാനിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ ആർ.ടി.ഐ ഫയൽ ചെയ്തത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സത്യഗ്രഹത്തിന്റെ പേരിലുള്ള കേസിന്റെയും അറസ്റ്റ് ചെയ്യപ്പെട്ടതിന്റെയും രേഖകൾ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. അറസ്റ്റ് വാറന്റും ജയിൽമോചിതനായതിന്റെ രേഖകളും മോദിയെ പാർപ്പിച്ച ജയിലിന്റെ പേരും ജയേഷ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, 2014ൽ മോദി അധികാരമേറ്റ ശേഷമുള്ള രേഖകൾ മാത്രമേ സൂക്ഷിച്ചിട്ടുള്ളൂവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച പ്രതികരണം. ഇതിൽ സംതൃപ്തനാകാതെ പരാതിക്കാരൻ ഫസ്റ്റ് അപ്പലൈറ്റ് അതോറിറ്റിയെ സമീപിച്ചു. എന്നാൽ, ആർ.ടി.ഐ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് അപ്പലൈറ്റ് അതോറിറ്റി പരാതി തള്ളി. ഇതോടെ ജയേഷ് വിവരാവകാശ കമ്മീഷനെ സമീപിക്കുകയുമായിരുന്നു.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ ജന്മദിന ശതാബ്ദിയുടെയും ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലിയുടെയും ഭാഗമായി കഴിഞ്ഞ വർഷം ധാക്കയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നത്. ധാക്കയിൽനിന്ന് 35 കി.മീറ്റർ അകലെയുള്ള സവറിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിച്ച ശേഷമാണ് മോദി ആഘോഷ പരിപാടികളിൽ പങ്കെടുത്തത്.
Summary: PMO has no record of PM Narendra Modi's claim of going to jail over Satyagraha for Bangladesh's Independence