ഡൽഹിയിൽ യുഎഇ പ്രസിഡന്റിനെ കാണാൻ ഹോട്ടലിൽ എത്തി സൗദി പൊലീസുകാരൻ; തടഞ്ഞ് സുരക്ഷാ വിഭാഗം
രോഗിയായ സഹോദരന് സഹായം ചെയ്യണമെന്ന് അഭ്യർഥിക്കാനായിരുന്നു ഇത്.
ന്യൂഡൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റിനെ കാണാൻ ഹോട്ടലിലെത്തിയ സൗദി പൊലീസുകാരനെ തടഞ്ഞ് സുരക്ഷാ ജീവനക്കാർ. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സൗദി പൗരൻ പ്രവേശിച്ചത്.
എന്നാൽ ഹോട്ടൽ ലോബിയിൽ വച്ച് അൽ നഹ്യാനെ സമീപിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ജി20 സുരക്ഷാ ക്ലിയറൻസ് സ്റ്റിക്കർ പതിച്ച ഹോട്ടൽ കാറിലാണ് സെൻട്രൽ ഡൽഹിയിലെ താജ് മാൻസിങ് ഹോട്ടലിലെത്തിയത്.
അടുത്തിടെ ഡൽഹിയിൽ എത്തിയ ഇദ്ദേഹം ഡൽഹി വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റിയിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. സൗദി അറേബ്യയിൽ മാരകമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹോദരനായി സഹായം തേടാൻ യുഎഇ കിരീടാവകാശിയെ കാണണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.
ഹോട്ടലിന്റെ ലോബിയിൽ ഏറെ നേരം കാത്തുനിന്ന ശേഷം യുഎഇ പ്രസിഡണ്ടിനെ കണ്ടതോടെ അദ്ദേഹത്തിനടുത്തേക്ക് എത്തിയ ഇദ്ദേഹത്തെ പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗം തടയുകയായിരുന്നു. യുഎഇ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ളയാളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ അദ്ദേഹത്തെ കാണാൻ അനുമതി നൽകുകയും ചെയ്തു.
തുടർന്ന്, ഡൽഹി പാെലീസ് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ വിവിധ അന്വേഷണ ഏജൻസികൾ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹോട്ടൽ ടാക്‌സികൾക്കും ഡൽഹി പൊലീസ് ജി20 സുരക്ഷാ ക്ലിയറൻസ് സ്റ്റിക്കറുകൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിനും ലഭിച്ചത്.