കർണാടക നിയമസഭയിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷം
നിയമസഭയിൽ അഴിമതിയും ഭരണപരാജയവും ചർച്ചയാവാതിരിക്കാൻ സർക്കാർ മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
ബെംഗളൂരു: കർണാടക നിയമസഭയിൽ ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. വിവാദ വ്യക്തിത്വമായ ഒരാളുടെ ചിത്രം എന്തിനാണ് സഭക്കുള്ളിൽ സ്ഥാപിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദിച്ചു. നിയമസഭാ മന്ദിരത്തിന് പുറത്ത് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
നിയമസഭയിൽ അഴിമതിയും ഭരണപരാജയവും ചർച്ചയാവാതിരിക്കാൻ സർക്കാർ മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്രഹിന്ദുത്വം കൂടുതൽ ചർച്ചയാക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായാണ് സവർക്കറുടെ ഫോട്ടോ സ്ഥാപിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്.
അയൽ സംസ്ഥാനമായ മഹാരാഷ്ട്രയുമായി തർക്കമുള്ള ബെലഗാവിയും സവർക്കറും തമ്മിൽ ബന്ധമുണ്ട്. 1950ൽ നാല് മാസക്കാലം ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ സവർക്കർ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നു. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്തലി ഖാന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു അദ്ദേഹത്തെ തടങ്കലിലാക്കിയത്. ഇനി രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കില്ലെന്ന് ബോംബെ ഹൈക്കോടതിയിൽ എഴുതി നൽകിയതിന് ശേഷമാണ് അന്ന് സവർക്കറെ വിട്ടയച്ചത്.