കൈകാലുകൾ ചുറ്റും ചിതറിക്കിടക്കുന്നത് കണ്ടു, എന്‍റെ കൈക്കും കഴുത്തിനും പരിക്കേറ്റു; ഒഡീഷ ട്രെയിനപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ്
മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് അപകടത്തെ അതിജീവിച്ചവര്‍
ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ മഹാദുരന്തത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. 233 പേരാണ് ഇതുവരെ മരിച്ചത്. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് ഒഡീഷയിലെ ബഹാനഗര്‍.മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് അപകടത്തെ അതിജീവിച്ചവര്‍.
"ട്രെയിൻ പാളം തെറ്റിയപ്പോഴാണ് ഞാൻ ഉണർന്നത്. 10-15 പേർ എന്‍റെ മേൽ വീണു. എന്‍റെ കൈക്കും കഴുത്തിനും പരിക്കേറ്റു," അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് പറഞ്ഞു."ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ, കൈകാലുകൾ ചുറ്റും ചിതറിക്കിടക്കുന്നത് ഞാൻ കണ്ടു; ഇവിടെ ഒരു കാൽ, ഒരു കൈ അവിടെ. ഒരാളുടെ മുഖം വികൃതമായിരുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കുന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അപകടസ്ഥലത്തേക്ക് പോകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. ഒരേ സമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു.ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‍സ്പ്രസ്, യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു.കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്‍സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് കോറമാണ്ഡൽ എക്‍സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു.ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ - ഹൗറ എക്‍പ്രസിന്‍റെ നാല് ബോഗികളും പാളം തെറ്റി.