ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിൽനിന്ന് നീക്കം ചെയ്ത് എസ്ബിഐ

വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്ബിഐ നടപടി

Update: 2024-03-08 11:44 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: സുപ്രിംകോടതി ഈയിടെ റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിൽ നീക്കി പൊതുമേഖലാ ബാങ്കായ എസ്ബിഐ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്ബിഐ നടപടി.

Operating guidelines for Operating guidelines for donors, Asked Questions/FAQs എന്നീ ലിങ്കുകളിലായിരുന്നു ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടായിരുന്നത്. ഇതിപ്പോൾ പ്രവർത്തനരഹിതമാണ്. ഓപറേറ്റിങ് ഗൈഡ്‌ലൈൻസ് ഫോർ ഡോണേഴ്‌സ് എന്ന തലക്കെട്ടിൽ 2018 ജനുവരി രണ്ടിന് സർക്കാർ പുറത്തിറക്കി ഗസറ്റ് വിജ്ഞാപനമാണ് ഉണ്ടായിരുന്നത്. ഇലക്ടറൽ ബോണ്ട് ആർക്കെല്ലാം വാങ്ങാൻ കഴിയും, ഏതെല്ലാം ഇനത്തിൽപ്പെട്ട ബോണ്ടുകൾ ലഭ്യമാണ്, നെഫ്റ്റ്, ഓൺലൈൻ ട്രാൻസാക്ഷൻ തുടങ്ങി ഏതെല്ലാം വഴി ബോണ്ടുകൾ വാങ്ങാം, എസ്ബിഐയുടെ ഏതു ബ്രാഞ്ചിൽ ബോണ്ടുകൾ കിട്ടും തുടങ്ങിയ വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്.

ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വസ്റ്റ്യൻസ് എന്നതിന് കീഴെ കെ.വൈ.സി, ബോണ്ട് വാങ്ങുന്നതിന് ആവശ്യമായ രേഖകൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ഉണ്ടായിരുന്നത്. 



നേരത്തെ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച സുപ്രിംകോടതി മാർച്ച് ആറിന് മുമ്പായി ബോണ്ട് വിവരങ്ങൾ നൽകാൻ എസ്ബിഐയോട് നിർദേശിച്ചിരുന്നു. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കാനുമായിരുന്നു കോടതി ഉത്തരവ്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 30 വരെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ പരമോന്നത കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്‌തെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു. ഇത്രയും വിവരങ്ങൾ ക്രോഢീകരിക്കാൻ മൂന്നാഴ്ച മതിയാകില്ലെന്നാണ് എസ്ബിഐ പറയുന്നത്. ആകെ 16,518.11 കോടിയുടെ ബോണ്ടുകളാണ് എസ്ബിഐ വിറ്റിട്ടുള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News