ബോണ്ടുകളുടെ സീരീയല്‍ നമ്പര്‍ കൈമാറാനുള്ള സുപ്രിംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും
നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രിംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
ഇലക്ട്രല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളും മാത്രമാണ് എസ്ബിഐ ആകെ കൈമാറിയത്. ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയിരുന്നില്ല.
ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രിംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ അപേക്ഷ സമര്‍പ്പിക്കുകയും ഇത് തള്ളി കോടതി രൂക്ഷവിമര്‍ശനം നടത്തുകയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉത്തരവിടുകയുമായിരുന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ടറല്‍ ബോണ്ടിന്റെ കൂടുതല്‍ വിവരം പുറത്തുവരുന്നത് ബിജെപിക്ക് പ്രതിസന്ധിയാവും.2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള 22,217 ബോണ്ടുകളുടെ വിവരങ്ങളാണ് എസ്ബിഐ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് ബിജെപിയാണ്.