നീറ്റ്-പി.ജി; പരീക്ഷ മാറ്റിവെക്കില്ല, ഹരജി സുപ്രിംകോടതി തള്ളി
മാർച്ച് അഞ്ചിന് നടത്താനിരിക്കുന്ന പരീക്ഷ മാറ്റാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
നീറ്റ്-പി.ജി പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. മാർച്ച് അഞ്ചിന് നടത്താനിരിക്കുന്ന പരീക്ഷ മാറ്റാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ ഹരജി. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്.
അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റായ nbe.edu.inൽ നിന്ന് എക്സാം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
67,000 ഉദ്യോഗാർഥികൾ പുതുമുഖങ്ങളാണെങ്കിൽ 1,20,000 വിദ്യാർഥികൾക്ക് അവരുടെ ഇന്‍റേൺഷിപ്പ് എങ്ങനെ പൂർത്തിയാക്കാൻ കഴിയും എന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. രജിസ്ട്രേഷൻ തീയതിക്ക് മുമ്പുള്ള വിൻഡോയിൽ രണ്ടു ലക്ഷം വിദ്യാർഥികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നും അടുത്തിടെ നടത്തിയ രജിസ്ട്രേഷൻ വിൻഡോയിൽ 5,000 ഉദ്യോഗാർഥികൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.കൂടാതെ ആറുമാസം മുമ്പാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതെന്നും വിദ്യാർഥികൾക്ക് തയാറെടുക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.