സത്യേന്ദ്രര്‍ ജെയിനിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം നൽകിയത്
ന്യൂഡല്‍ഹി: ഡൽഹി മുൻ ആരോഗ്യ മന്ത്രി സത്യേന്ദ്രര്‍ ജെയിനിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം. ജൂലൈ 11ന് വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഡൽഹി വിട്ടു പുറത്ത് പോകാൻ പാടില്ലെന്നും മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ലെന്നും ജാമ്യവ്യവസ്ഥയിൽ സുപ്രിംകോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, പി.എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുതിർന്ന അഭിഭാഷകൻ ഡോ.അഭിഷേക് മനു സിങ് വിയാണ് ജെയിനിന് വേണ്ടി ഹാജരായത്. വ്യാഴാഴ്ച രാവിലെ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ജെയിനിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡൽഹിയിലുള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാമെന്നും കോടതി അറിയിച്ചു. ജയിലിലായി ഒരു വർഷത്തിന് ശേഷമാണ് സത്യേന്ദ്രര്‍ ജെയിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം മെയ് 30 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡൽഹി ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്രര്‍ ജെയിൻ അറസ്റ്റിലായത്.