'എന്‍റെ അച്ഛനും സഹോദരനും കോൺഗ്രസുകാർ'; രാഹുലിന്റെ കേസിൽനിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച് ജഡ്ജി

രാഹുലിന്‍റെ ഹരജി പരിഗണിച്ച സുപ്രിംകോടതി ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് ബി.ആർ ഗവായ് ആണ് കോടതിനടപടിക്കുമുൻപ് രാഷ്ട്രീയബന്ധം വെളിപ്പെടുത്തിയത്

Update: 2023-07-21 09:22 GMT
Editor : Shaheer | By : Web Desk

ജസ്റ്റിസ് ബി.ആര്‍ ഗവായ്

Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് പരിഗണിക്കുന്നതിൽനിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ ഗവായ്. അച്ഛനും സഹോദരനുമെല്ലാം കോൺഗ്രസുകാരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇന്ന് രാഹുലിന്റെ ഹരജി പരിഗണിച്ചത്.

ഇന്ന് ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗവായ് തന്റെ കോൺഗ്രസ് ബന്ധം വെളിപ്പെടുത്തിയത്. ''എന്റെ അച്ഛന് കോൺഗ്രസുമായി ബന്ധമുണ്ടായിരുന്നു. കോൺഗ്രസ് അംഗമായിരുന്നില്ലെങ്കിലും പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. എന്റെ സഹോദരൻ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്. കോൺഗ്രസുകാരനാണ് അവൻ. ഞാൻ തന്നെ ഈ കേസ് പരിഗണിക്കണോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണം''-ജഡ്ജി പറഞ്ഞു.

എന്നാൽ, ഗവായ് ഹരജി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് കേസിൽ ഇരുവിഭാഗവും അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രശാന്ത് കുമാർ കൂടി അടങ്ങിയ ബെഞ്ച് കേസിൽ വാദം ആരംഭിച്ചത്. പരാതിക്കാരായ ബി.ജെ.പി എം.എൽ.എ പൂർണേഷ് ഈശ്വർഭായ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടിൽ അയച്ചു. സുപ്രിംകോടതിയിൽ പൂർണേഷ് തടസഹരജിയും നൽകിയിരുന്നു. കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് നാലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുൽ ഗാന്ധി ഹരജിയിൽ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ സുപ്രിംകോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയത്.

പൂർണേഷ് മോദിയുടെ പരാതിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. പിന്നാലെ രാഹുലിനെ എം.പിസ്ഥാനത്തുനിന്ന് അയോഗ്യനാക്കി. സ്റ്റേ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചാൽ അയോഗ്യത നീങ്ങി രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.

Summary: "My father, brother associated with Congress": Supreme Court judge Justice BR Gavai offers to recuse from Rahul Gandhi plea

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News