യു.എ.പി.എ: സക്കരിയയുടെ മാതാവിന്റെ ഹരജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

ഹരജിയിൽ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

Update: 2022-10-10 09:00 GMT
Advertising

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ പ്രതിയെന്നാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കപ്പെട്ടിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവിന്റെ ഹരജിയിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടീസ്. വിചാരണാ തടവുകാരനായ സക്കരിയയ്ക്കെതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ ചോദ്യം ചെയ്ത് മാതാവ് ബിയുമ്മ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഹരജിയിൽ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ഇന്ന് സുപ്രീംകോടതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ മുന്നിലാണ് ഹരജിയെത്തിയത്. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാമെന്ന ഭേദഗതിയും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നത് മാറ്റി 150 ദിവസമാക്കി വര്‍ധിപ്പിച്ചതും അടക്കമുള്ള വ്യവസ്ഥകളും ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.

ജാമ്യം നിഷേധിക്കുന്നതിനും കുറ്റപത്രം വൈകിപ്പിക്കുന്നതിനും കാരണമാവുന്ന വകുപ്പുകളുടെ ഭരണഘടനാ സാധുതയും ​ഹരജിയിൽ ചോദ്യം ചെയ്യുന്നു. സക്കരിയയുടെ കേസിൻറെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ഹരജിക്കാർക്ക് ചീഫ് ജസ്റ്റിസ് യു.യു ലളിത് അനുമതി നൽകി.

യു.എ.പി.എ ചോദ്യം ചെയ്തു സമർപ്പിച്ച മറ്റു ഹരജികളോടൊപ്പമായിരിക്കും ഈ ഹരജിയും പരിഗണിക്കുക. സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഹുസേഫ അഹ്മദിയാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്. ബിയ്യുമ്മയ്‌ക്കൊപ്പം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും ഹരജി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ഹരജി ഒക്ടോബര്‍ 18ന് വീണ്ടു പരിഗണിക്കും. ബംഗളൂരു സ്ഫോടന കേസിൽ സക്കരിയ അന്യായമായി ജയിലിലടയ്ക്കപ്പെട്ട് 13 വർഷങ്ങൾ പിന്നിട്ടു. 2009 ഫെബ്രുവരി അഞ്ചിനാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 19കാരനായ സക്കരിയയെ പൊലീസ് പിടിച്ചുകൊണ്ടുപോവുന്നത്. ജോലിയില്‍ പ്രവേശിച്ച് നാലാം മാസമായിരുന്നു ഇത്. ബംഗളൂരു സ്ഫോടനത്തിനായി ട്രിമ്മർ ഉണ്ടാക്കാൻ സഹായിച്ചുവെന്നായിരുന്നു സക്കരിയക്കെതിരായ കേസ്.

ബംഗളൂരു സ്ഫോടന കേസിലെ എട്ടാം 'പ്രതിയായി' ഭീകര നിയമമായ യു.എ.പി.എ പ്രകാരമാണ് സകരിയയെ അറസ്റ്റ് ചെയ്തത്. ആദ്യം മുതല്‍ തന്നെ തീര്‍ത്തും ദുരൂഹമായ നടപടികളായിരുന്നു സക്കരിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഒരു അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും ഗൗനിക്കാതെയായിരുന്നു സക്കരിയയുടെ അറസ്റ്റ്.

സാധാരണ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്യുക. എന്നാൽ സക്കരിയയുടെ കാര്യത്തില്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അറസ്റ്റിനു ശേഷം നാലാം ദിവസമാണ് സക്കരിയയുടെ വീട്ടിൽ വിവരമറിയുന്നത് പോലും. അതാകട്ടെ, അറസ്റ്റ് നടന്ന് നാല് ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയതിന്റെ ചാനല്‍ വാര്‍ത്തകളില്‍ നിന്നും.

തീര്‍ത്തും ആസൂത്രിതമായ പൊലീസ് നീക്കങ്ങള്‍ വീണ്ടും തുടര്‍ന്നു. വിവരങ്ങള്‍ പുറംലോകമറിഞ്ഞാല്‍ സക്കരിയയുടെ മോചനം സാധ്യമാവില്ലെന്നു തെറ്റിദ്ധരിപ്പിച്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മൂടിവെക്കുവാന്‍ വീട്ടുകാരെ നിര്‍ബന്ധിക്കുകയും ചെയ്തു.

2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും പന്ത്രണ്ടാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കി എന്നതാണ് സക്കരിയക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രണ്ട് സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം സാക്ഷിയായ നിസാമുദ്ദീന്‍ കന്നടയറിയാത്ത തന്നെ കര്‍ണാടക പൊലീസ് തെറ്റിദ്ധരിപ്പിച്ച് പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പിന്നീട് തുറന്നുപറഞ്ഞിരുന്നു. രണ്ടാം സാക്ഷിയായ ഹരിദാസ്, താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നും പറയുന്നു.

രണ്ടു സാക്ഷികളും സത്യം തുറന്നു പറഞ്ഞിട്ടും അതുപോലും അവഗണിക്കുകയാണ് നിയമസംവിധാനങ്ങള്‍. നിലവില്‍ കടുത്ത തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളുമായി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് സക്കരിയ. ഇതിനിടെ രണ്ടാമത്തെ മകന്റെ വേർപ്പാട് ഉമ്മയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. 2018ൽ ഹൃദയാഘാതം മൂലമാണ് സക്കരിയയുടെ സഹോദരന്‍ മുഹമ്മദ് ശരീഫ് മരിച്ചത്.

അന്നും പിന്നീട് 2019 ഒക്ടോബറിൽ രോഗിയായ മാതാവ് ബിയ്യുമ്മയെ കാണാനും സക്കരിയയ്ക്ക് ഒരു ദിവസത്തെ പരോൾ ലഭിച്ചിരുന്നു. മാതാവിന്റെ അസുഖത്തെ തുടർന്ന് സക്കരിയ്യ പരോളിനായി നിരവധി തവണ കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. രോഗം മൂർഛിച്ചതിനെ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. 2019 ഒക്ടോബർ 19 രാവിലെ എട്ടിനാണ് സക്കരിയ്യ അവസാനമായി വീട്ടിലെത്തിയത്. നിറകണ്ണുകളോടെ പിറ്റേന്ന് തന്നെ മടങ്ങുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News