ഔദ്യോഗിക ഇ-മെയിലുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട: സുപ്രിംകോടതി
ഉത്തരവിന് പിന്നാലെ ചിത്രങ്ങൾ നീക്കം ചെയ്തു
ന്യൂഡൽഹി: ഔദ്യോഗിക ഇ മെയിലുകളിൽ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും സന്ദേശവും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രിംകോടതി. വെള്ളിയാഴ്ച രാത്രിയാണ് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് കോടതി ഇതു സംബന്ധിച്ച് അടിയന്തര നിർദേശം നൽകിയത്. ഉത്തരവിന് പിന്നാലെ ചിത്രങ്ങൾ നീക്കം ചെയ്തു.
സബ് കാ സാത്, സബ് കാ വികാസ് എന്ന സന്ദേശവും മോദിയുടെ ചിത്രവുമാണ് കോടതിയുടെ ഔദ്യോഗിക ഇ-മെയിലുകളിൽ ഉണ്ടായിരുന്നത്. നേരത്തെ, വിഷയത്തിൽ ചില മുതിർന്ന അഭിഭാഷകർ കോടതിക്ക് പരാതി നൽകിയിരുന്നു.
'കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സുപ്രിംകോടതിയുമായും ജുഡീഷ്യറിയുമായും ബന്ധമില്ലാത്ത ചിത്രവും സന്ദേശവും ഔദ്യോഗിക ഇ-മെയിലുകൾക്ക് താഴെയുണ്ടെന്ന് സുപ്രിംകോടതി രജിസ്ട്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ആ ചിത്രങ്ങൾക്ക് പകരം സുപ്രിംകോടതിയുടെ ചിത്രം വയ്ക്കാൻ കോടതി ഉത്തരവിട്ടു. അതു പ്രകാരം ഇൻഫോർമാറ്റിക് സെന്റർ ചിത്രവും സന്ദേശവും നീക്കം ചെയ്തു' - കോടതിയിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു.
അങ്ങേയറ്റം അധിക്ഷേപാർഹമാണ് സർക്കാറിന്റെ നടപടിയെന്ന് മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ് പ്രതികരിച്ചു. സുപ്രിംകോടതിയും രാജ്യത്തെ മറ്റു കോടതികളും സർക്കാർ ഓഫീസുകളല്ല. അവ സർക്കാറിന്റെ പ്രചാരവാഹകരും ആകരുത്-അദ്ദേഹം കൂട്ടിച്ചേർത്തു.