ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ഹരജിയിൽ വാദം കേൾക്കാൻ പുതിയ ബെഞ്ച്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അറിയിച്ചത്
ഡല്‍ഹി: കൂട്ടബലാത്സംഗ കേസിൽ പ്രതികളെ മോചിപ്പിച്ചതിനെതിരെ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാൻ സുപ്രിംകോടതി പുതിയ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അറിയിച്ചത്.
11 പ്രതികളെ വെറുതെ വിട്ടതിനെതിരെ നൽകിയ ഹരജിയിൽ വാദം കേൾക്കണമെന്നു നാല് തവണ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബിൽക്കിസ് ബാനുവിന്‍റെ അഭിഭാഷക ചൂണ്ടിക്കാട്ടി. ബലാൽസംഗവും കൂട്ടക്കൊലയും നടത്തിയ കുറ്റവാളികളെയാണ് നല്ല നടപ്പിന്‍റെ പേരിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത് .
കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ബില്‍ക്കിസ് ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തു. സി.ബി.ഐ അന്വേഷിച്ച കേസിന്‍റെ വിചാരണ സുപ്രിംകോടതി മഹാരാഷ്ട്ര കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെയ്ക്കുകയും ചെയ്തു. ഗുജറാത്ത് സർക്കാർ ഈ വര്‍ഷം ആഗസ്ത് 15നാണ് പ്രതികളെ മോചിപ്പിച്ചത്.