'പ്രതികളെ വെറുതെ വിട്ടയച്ച വിധി പുനഃപരിശോധിക്കണം'; ബിൽക്കിസ് ബാനുവിന്റെ ഹരജി ഇന്ന് പരിഗണിക്കും
ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്യാൻ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയിൽ മോചിതരായത്
ന്യൂഡൽഹി: ഗുജറാത്ത് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന് അനുമതി നൽകിയ കഴിഞ്ഞ മെയിലെ സുപ്രിംകോടതി വിധി പുനഃപരിശോധിക്കണം എന്നാണ് ബിൽക്കീസ് ബാനുവിന്റെ ആവശ്യം.
ഉച്ചയ്ക്ക് ചേംബറിനുള്ളിലാകും ഹരജി പരിഗണിക്കുക. ജസ്റ്റിസ് അജയ് റസ്തോഗിയുടെ ബെഞ്ചാണ് നേരത്തെ ശിക്ഷാ ഇളവിനുള്ള അപേക്ഷ പരിഗണിക്കാൻ നിർദേശിച്ചത്.
2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വർഗീയ ആക്രമണത്തിനിടെയാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗർഭിണിയായിരുന്നു ബിൽക്കിസ് ബാനു. ഗർഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്യാൻ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയിൽ മോചിതരായി പുറത്തിറങ്ങിയത്. ആഗസ്ത് 15നാണ് ഇവർ ഗോധ്ര സബ് ജയിലിൽ നിന്നും മോചിതരായത്.