സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി സുപ്രീംകോടതിയിൽ; വെള്ളിയാഴ്ച പരിഗണിക്കും
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്.
ഹാഥ്റസ് കൂട്ടബലാത്സംഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതിയിൽ. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഡ്വ. ഹാരിസ് ബീരാൻ ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താൻ വൈകിയതിനെക്കുറിച്ചാണ് കോടതി ആദ്യം ആരാഞ്ഞത്.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂർത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളിയിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍. കാപ്പന്റെ ഡ്രൈവർ മുഹമ്മദ് ആലമിന് ഇന്നലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു...
ഹാഥ്റസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.