ബിൽക്കീസ് ബാനുവിന് നീതി, ഇലക്ടോറൽ ബോണ്ടിന് 'ചെക്ക്', ബുൾഡോസർ രാജിൽ ഇടപെടല്‍, ഉപസംവരണത്തിന് പച്ചക്കൊടി-2024 കണ്ട വിധികൾ
മനുഷ്യാവകാശം, മൗലികാവകാശം, മതന്യൂനപക്ഷങ്ങളുടെ അവകാശം, സംവരണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ സുപ്രധാനമായ വിധികള്‍ക്കു സാക്ഷിയായ വര്‍ഷമാണ് 2024
രാജ്യത്തെ ഞെട്ടിച്ച ബിൽകീസ് ബാനു ബലാത്സംഗക്കേസിൽ പ്രതികളെ മുഴുവൻ ജയിലിൽനിന്നു വിട്ടയച്ച ഗുജറാത്തിലെ ബിജെപി സർക്കാരിനും അതിനു പിന്തുണ നല്‍കിയ കേന്ദ്ര സർക്കാരിനും സുപ്രിംകോടതിയിൽ തിരിച്ചടിയേറ്റ വർഷമാണ് 2024. വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഇലക്ടോറൽ ബോണ്ടിലും കോടതിയുടെ തീർപ്പ് വന്നു. മനുഷ്യാവകാശം, മൗലികാവകാശം, മതന്യൂനപക്ഷങ്ങളുടെ അവകാശം, സംവരണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ വിധിന്യായങ്ങൾക്കും പോയ വർഷം സാക്ഷിയായി.
1) ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് ഇളവില്ല
ബിൽക്കിസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ 11 പ്രതികളെ വിട്ടയയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതിയുടെ സുപ്രധാന വിധിയിലൂടെയാണ് 2024 ആരംഭിക്കുന്നത്. 2024 ജനുവരി എട്ടിനായിരുന്നു കോടതി കേസിൽ വിധി പറഞ്ഞത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബാനു കൂട്ടബലാത്സംഗത്തനിരയാകുകയും കുടുംബത്തിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏഴുപേർ കൺമുന്നിൽ ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്യുന്നത്. രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതയായിരുന്നു ഇത്. കേസിൽ പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വർഷങ്ങൾക്കുശേഷം ഗുജറാത്ത് സർക്കാർ 2023ൽ 11 പ്രതികൾക്കും ശിക്ഷയിൽ ഇളവ് ചെയ്ത് ജയിൽമോചനത്തിന് ഉത്തരവിടുകയും ചെയ്തു.
സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി.വി നാഗരത്‌നയും ഉജ്ജൽ ഭുയനും ഐകണ്ഠമായി ഗുജറാത്ത് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയിൽ 'അവിശുദ്ധ കരങ്ങളുമായി' ചേർന്നാണ് ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ചതെന്നതുൾപ്പെടെയുള്ള രൂക്ഷമായ പരാമർശങ്ങൾ നടത്തി കോടതി. മോചനത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും നിയമവാഴ്ചാ തത്വങ്ങൾ ലംഘിച്ചാണ് സർക്കാർ തീരുമാനമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികൾ നിയമവാഴ്ചയെ മാനിച്ചാൽ മാത്രമേ ഇളവ് നൽകാവൂവെന്നും തടവുശിക്ഷയിൽ ഇളവ് നൽകാനുള്ള ഭരണപരമായ തീരുമാനങ്ങൾ റദ്ദാക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്നും സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.
2) ഇലക്ടറൽ ബോണ്ട് റദ്ദാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ രാജ്യത്തെ ഞെട്ടിച്ച കേസായിരുന്നു ഇലക്ടറൽ ബോണ്ട്. ഫെബ്രുവരി 15നാണ് 2018ലെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ വിധി പ്രസ്താവിക്കുന്നത്. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇലക്ടറൽ ബോണ്ട് റദ്ദാക്കുകയായിരുന്നു.
കോർപറേറ്റ് കമ്പനികൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് രഹസ്യമായി ഫണ്ട് നൽകാനുള്ള സംവിധാനമായിരുന്നു ഇലക്ടറൽ ബോണ്ട്. എന്നാൽ, പാർട്ടി ഫണ്ടുകളുടെ സ്രോതസ് അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നും അതുകൊണ്ടുതന്നെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ബെഞ്ച് ഒറ്റക്കെട്ടായി നിരീക്ഷിച്ചു. എതിർ പാർട്ടികളുടെ പ്രതികാര നടപടികളിൽനിന്ന് ഫണ്ട് ദാതാക്കൾക്കു സംരക്ഷണം നൽകുകയാണു പദ്ധതി വഴി ലക്ഷ്യമിട്ടതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ന്യായം.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കരുത്തായി ബോണ്ട് വിൽപ്പന ഉടൻ തന്നെ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. പിന്നാലെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടു ശേഖരിച്ച വിവരങ്ങൾ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും ഉത്തരവിടുകയും ചെയ്തു. പിന്നാലെ, ബിജെപിയെ ഉൾപ്പെടെ വെട്ടിലാക്കുന്ന കണക്കുകളാണു പുറത്തുവന്നത്. എന്നാൽ, വെളിപ്പെടുത്തലുകളിൽ പ്രത്യേക സംഘം(എസ്‌ഐടി) അന്വേഷിക്കണമെന്ന ആവശ്യം 'വെറും അനുമാനങ്ങൾ' മാത്രമാണെന്നു പറഞ്ഞു കോടതി തള്ളുകയും ചെയ്തു.
3) പ്രബീർ പുർകായസ്ത പുറത്ത്
ന്യൂസ്‌ക്ലിക്ക് ന്യൂസ്‌പോർട്ടൽ സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് മെയ് 15ന് സുപ്രിംകോടതി സുപ്രധാനമായൊരു വിധിയിലൂടെ പ്രസ്താവിച്ചു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുൻപ് പ്രതിക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ഒക്ടോബർ നാലിന് ഡൽഹി പൊലീസ് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവ് കോടതി റദ്ദാക്കി. പങ്കജ് ബൻസാൽ-കേന്ദ്ര സർക്കാർ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി, അറസ്റ്റുകളിൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. വിചാരണാകോടതി നിശ്ചയിച്ച ജാമ്യവ്യവസ്ഥകൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ, പുർകായസ്തയെ കസ്റ്റഡിയിൽനിന്ന് വിട്ടയക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
2023 ഒക്ടോബറിലാണ് പുർകായസ്തയെ ഡൽഹി പൊലീസ് രാജ്യദ്രോക്കുറ്റവും യുഎപിഎയും ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ യുഎപിഎ പ്രകാരം അറസ്റ്റിലാകുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു കോടതി വിധി.
4) ഉപസംവരണത്തിന് അംഗീകാരം
രാജ്യത്തെ സംവരണ ചരിത്രത്തിലെ നിർണായകമായൊരു നടപടിയായിരുന്നു ഉപസംവരണത്തിന് അംഗീകാരം നൽകിയുള്ള ആഗസ്റ്റ് ഒന്നിലെ സുപ്രിംകോടതി വിധി. ഏഴംഗ ബെഞ്ചിൽ ഒന്നിനെതിരെ ആറു ഭൂരിപക്ഷത്തിനാണ് ഉപസംവരണം കോടതി അംഗീകരിച്ചത്. സംവരണീയരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ(എസ്സി/എസ്ടി) ഉപസംവരണം നടപ്പാക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരമാണു കോടതി ശരിവച്ചത്.
ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ്, ബേല എം. ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ബേല ത്രിവേദിയാണ് വിധിയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. എസ്സി/എസ്ടി വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പലതട്ടിലുള്ള
പട്ടികജാതി/പട്ടികവർഗ ലിസ്റ്റിലെ വിവിധ വിവേചനങ്ങളും അസമത്വവും പരിഹരിക്കാൻ വേണ്ടിയെന്നു പറഞ്ഞാണ് ഉപസംവരണത്തിന് കോടതി അംഗീകാരം നൽകിയത്. അതേസമയം, ഏതെങ്കിലും ഉപവിഭാഗങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്തുന്നതിനു പ്രാതിനിധ്യക്കുറവിന്റെ കൃത്യമായ തെളിവുകൾ കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഉപസംവരണ വിധിയിൽ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിൽനിന്നു വലിയ തോതിൽ വിമർശനം ഉയർന്നു. ഘട്ടംഘട്ടമായി സംവരണം തന്നെ എടുത്തുമാറ്റാനുള്ള സംഘ്പരിവാർ നീക്കത്തിന്റെ ഭാഗമാണിതെന്ന വിമർശനമാണു പ്രധാനമായും ഉന്നയിക്കപ്പെട്ടത്. വിധി വന്ന് ആഴ്ചകൾക്കുശേഷം, നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഹരിയാനയിൽ സർക്കാർ ജോലികളിൽ പട്ടികജാതിക്കാർക്ക് 10 ശതമാനം ഉപസംവരണത്തിനു ശിപാർശ നൽകുകയും ചെയ്തു. ഉപസംവരണത്തെ കുറിച്ചു പഠിക്കാൻ സർക്കാർ രൂപീകരിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രഖ്യാപിച്ചു.
5) അശ്ലീലചിത്രങ്ങളിലെ പോക്‌സോ കുറ്റം
കുട്ടികളുടെ പോണോഗ്രഫിയുമായി ബന്ധപ്പെട്ട നിർണായക വിധിയായിരുന്നു 2024 സെപ്തംബർ 24നു സുപ്രിംകോടതി നടത്തിയത്. 'കുട്ടികളുടെ അശ്ലീലചിത്രങ്ങൾ' കാണുന്നതും സൂക്ഷിക്കുന്നതും കൈവശം വയ്ക്കുന്നതും വ്യക്തമായി പോക്‌സോ കുറ്റമാക്കുകയായിരുന്നു കോടതി. ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച് ഹൈക്കോടതികൾക്കിടയിൽ വർഷങ്ങളായി നിലനിന്ന ആശയക്കുഴപ്പത്തിനാണു വിധിയിലൂടെ കോടതി അന്ത്യംകുറിച്ചത്. കുട്ടികളുടെ അശ്ലീല വിഡിയോ കൈവശംവച്ചു എന്നതു മാത്രം പോക്‌സോ കുറ്റമായി കണക്കാക്കാമോ എന്നായിരുന്നു കോടതികൾക്കു മുന്നിലുണ്ടായിരുന്ന സംശയം. വിഡിയോകൾ കൈവശംവയ്ക്കുന്നതും നശിപ്പിക്കാൻ വൈകുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണെന്നു പറഞ്ഞ കോടതി, സോഷ്യൽ മീഡിയ ഉടമകൾ ഉൾപ്പെടെയുള്ള ഇടനിലക്കാർ ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിലും പോക്‌സോ കുറ്റമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
6) കെജ്‌രിവാളിന് ജാമ്യം
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ (പിഎംഎൽഎ) ജാമ്യവ്യവസ്ഥകളുടെ കർശനമായ വ്യാഖ്യാനത്തിൽ ഇളവ് വരുത്തിയതിന്റെ ഫലമായി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം നൽകി. ജാമ്യമാണു നിയമം, ജയിൽ അപവാദവും എന്ന തത്വമാണ് കോടതി ആവർത്തിച്ചത്. മദ്യനയ അഴിമതിക്കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി തലവനുമായ കെജ്രിവാൾ പുറത്തിറങ്ങുന്നത്.
നേരത്തെ, ഡൽഹി ഉപമുഖ്യന്ത്രിയായിരുന്ന മനീഷ് സിസോദിയ, 'ന്യൂസ്‌ക്ലിക്' പോർട്ടൽ സ്ഥാപകൻ പ്രബീർ പുർകായസ്ത തുടങ്ങിയവർക്കു നൽകിയ ജാമ്യവും കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നതിൽ നിർണായകമായി. പിന്നീട് ബിആർഎസ് നേതാവ് കെ. കവിതയ്ക്കും ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്കും ഈ വിധി തുണയായി. രണ്ടുപേരും ഏറെനാളത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി.
7) സംസ്ഥാനങ്ങൾക്കും അധികാരം; ഖനികളിലും ധാതുക്കളിലും
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമനിർമാണ അധികാരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രണ്ട് ഒൻപതംഗ ബെഞ്ചുകളാണ് ഈ വർഷം പരിഗണിച്ചത്. ഒടുവിൽ, സുപ്രിംകോടതിയുടെ അന്തിമതീർപ്പും വന്നു. ഖനികളിലും ധാതുക്കളിലും നിയമനിർമാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന തരത്തിലാകരുതെന്ന് കോടതി വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിൽ എട്ടുപേരും ഈ വിധിയെ അനുകൂലിച്ചു. ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്നാഭിപ്രായം പങ്കുവച്ചത്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ നല്ല നടപ്പിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണ അധികാരത്തിൽ കൃത്യമായ വിഭജനം വേണമെന്നും കോടതി നിരീക്ഷിച്ചു. ധാതുക്കളും വ്യാവസായികാടിസ്ഥാനത്തിലുള്ള മദ്യത്തിന്റെ ഉൽപാദനവും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ കേന്ദ്രത്തിന് അധികാരം നൽകുന്നത് അസന്തുലിതമായ സാമ്പത്തിക വികസനം ഇല്ലാതാക്കുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള പോര് ഒഴിവാക്കുകയും ചെയ്യുമെന്നായിരുന്നു വിധിയിൽ ജസ്റ്റിസ് നാഗരത്‌ന ഭിന്നാഭിപ്രായം പങ്കുവച്ചത്.
8) ഭരണഘടനാ വിരുദ്ധമല്ല, യുപി മദ്രസാ നിയമം
മുസ്‌ലിം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസകളെയും മദ്രസാ ബോർഡുകളെയും ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നീക്കങ്ങൾക്കു തടയിടുകയായിരുന്നു 2024 നവംബർ അഞ്ചിലെ വിധിയിലൂടെ സുപ്രിംകോടതി. ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ ഭരണഘടനാപരമായ സാധുത ശരിവച്ച കോടതി, നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. നിയമം മതേതരത്വത്തിന്റെ മൗലികതത്വങ്ങളെ ലംഘിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മൗലികാവകാശങ്ങൾ ലംഘിച്ചാൽ മാത്രമേ ചട്ടങ്ങൾ റദ്ദാക്കാനാകൂ. മതേതരത്വത്തെക്കുറിച്ചുള്ള ഭരണഘടനാ വ്യവസ്ഥകൾ വ്യക്തമായി ലംഘിക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മതേതരത്വത്തെ അടിസ്ഥാനമാക്കിയുള്ള നടപടി സ്വീകരിക്കാവൂവെന്നും കോടതി വ്യക്തമാക്കി. അതേസമയം, മദ്രസ ബോർഡുകൾ 'ഫാസിൽ', 'കാമിൽ' തുടങ്ങിയ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങൾ നൽകുന്നതു യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) നിയമത്തിനു വിരുദ്ധമാണെന്നും അതുവഴി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിലും സമൂഹത്തിന് സംഭാവനകളർപ്പിക്കുന്ന തരത്തിലേക്കു വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിലും മതസ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം സംരക്ഷിക്കുന്നതിലും മദ്രസാ നിയമം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
9) അലിഗഡിന്‍റെ ന്യൂനപക്ഷ പദവി
അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ടു വർഷങ്ങളായി തുടരുന്ന തർക്കത്തിനാണ് സുപ്രിംകോടതി 2024 നവംബറിലെ വിധിയിലൂടെ തീർപ്പ് കൽപിച്ചത്. ഏഴംഗ ബെഞ്ച് 4:3 ഭൂരിപക്ഷത്തിന് ഇതുമായി ബന്ധപ്പെട്ട 1967ലെ സുപ്രിംകോടതി വിധി റദ്ദാക്കുകയായിരുന്നു. സ്ഥാപകൻ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ആളാണെങ്കിൽ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി തുടരുമെന്നു കോടതി വ്യക്തമാക്കി.
അസീസ് ബാഷ എന്നയാളാണ് അലിഗഡിനു ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നു കാണിച്ച് കോടതിയെ സമീപിച്ചിരുന്നത്. ഒരു യൂനിയൻ നിയമനിർമാണം വഴി സ്ഥാപിതമായതിനാൽ ആർട്ടിക്കിൾ 30 പ്രകാരം അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ഇല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ഇത് അംഗീകരിച്ചായിരുന്നു 1967ലെ സുപ്രിംകോടതി വിധി വന്നത്.
2005ൽ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിൽ 50 ശതമാനം സീറ്റുകൾ മുസ്‌ലിം ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്യാൻ അലിഗഡ് തീരുമാനിച്ചതാണ് വീണ്ടും കേസിലേക്കു നയിച്ചത്. ആർട്ടിക്കിൾ 30 പ്രകാരം സ്ഥാപിതമായ ഏതെങ്കിലും മതപരമോ ഭാഷാപരമോ ആയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നിർണയിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ വയ്ക്കുന്നതുമായി ബന്ധപ്പെട്ടും കോടതി അന്തിമ തീരുമാനം പറഞ്ഞു.
10) ബുൾഡോസർ രാജിന് തടയിട്ട് കോടതി
യുപിയിൽ യോഗി ആദിത്യനാഥ് തുടക്കമിട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നാകെ മാതൃകയാക്കിയ 'ശിക്ഷാനടപടി'യായിരുന്നു 'ബുൾഡോസർ രാജ്'. മുസ്‌ലിം സമുദായാംഗങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലന നടപടിയുടെ ആയുധമാക്കി ബുൾഡോസർ നടപടികളെ ഭരണകൂടങ്ങൾ ഉപയോഗിച്ചതോടെയാണു കോടതി ഇടപെട്ടത്.
ജഹാംഗീർപുരി വർഗീയ കലാപത്തിൽ പ്രതിചേർക്കപ്പെട്ട മുസ്‌ലിംളുടെ വീടുകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് രണ്ട് വർഷത്തിനുശേഷം, രാജ്യവ്യാപകമായി ഇത്തരം നടപടികൾ തടയാൻ കോടതി വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയായിരുന്നു കഴിഞ്ഞ നവംബർ 13ലെ വിധിയിലൂടെ. 2024 സെപ്റ്റംബറിൽ, രാജസ്ഥാനിൽ ഒരു മുസ്‌ലിം ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് ബുൾഡോസർ ഉപയോഗിച്ചു തകർത്തതായിരുന്നു ഒടുവിലത്തെ സംഭവം. നീണ്ട ഇടവേളയ്ക്ക് ശേഷം വിഷയം ഏറ്റെടുത്ത കോടതി ഇത്തരം നടപടികൾക്കെതിരെ രൂക്ഷമായ പരാമർശമാണു നടത്തിയത്.
ബുൾഡോസർ നടപടികൾ പാർപ്പിടത്തിനുള്ള അവകാശം ഉൾപ്പെടുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. പിന്നാലെയായിരുന്നു ഇത്തരം നടപടികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കുറഞ്ഞത് 15 ദിവസം മുൻപെങ്കിലും ഉടമയ്ക്ക് രേഖാമൂലം അറിയിപ്പ് നൽകണം. നോട്ടീസിനെ കുറിച്ച് കലക്ടർമാരെയും ജില്ലാ മജിസ്ട്രേറ്റുമാരെയും അറിയിക്കണം. ബന്ധപ്പെട്ട അധികൃതർക്കുമുൻപാകെ വാദംകേൾക്കാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
Summary: Top 10 Supreme Court judgements of 2024: Year-end Review