'സ്‌കൂൾ പട്ടാളക്യാമ്പോ ജയിലോ അല്ല'; ഹിജാബ് കേസിൽ ജസ്റ്റിസ് സുധാംശു ധുലിയ
''ഹിജാബ് ഇസ്‌ലാം മതത്തിലെ അഭിഭാജ്യഘടകം ആണോ അല്ലയോ എന്നത് ഈ കേസിനെ സംബന്ധിച്ചെടുത്തോളം പ്രസക്തമല്ല. ഹിജാബ് ധരിക്കുന്നത് മറ്റൊരാളുടെ അവകാശത്തെ ബാധിക്കുന്നില്ല. അത്‌കൊണ്ട് തന്നെ നിരോധനം നീതികരിക്കപ്പെടുന്നില്ല''
ന്യൂഡൽഹി: സ്‌കൂൾ പട്ടാള ക്യാമ്പോ ജയിലോ അല്ലെന്ന് ജസ്റ്റിസ് സുധാംശു ധുലിയ. പട്ടാളക്യാമ്പുകൾ, ജയിലുകൾ എന്നിവയിൽ ഉള്ളതുപോലെയുള്ള അച്ചടക്കം സ്‌കൂളുകളിൽ ആവശ്യമില്ല. ഹിജാബ് നിരോധനം തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം. സ്വാതന്ത്ര്യവും അന്തസ്സും ബലികഴിച്ച് കൊണ്ടാകരുത് സ്‌കൂളുകളിൽ അച്ചടക്കം നടപ്പാക്കേണ്ടത്. വീടിനുള്ളിലും പുറത്തും ഹിജാബ് ധരിക്കാനുള്ള പെൺകുട്ടിയുടെ അവകാശം സ്‌കൂൾ ഗേറ്റിൽ അവസാനിക്കുന്നതല്ലെന്നും സുധാംശു ധുലിയ പറഞ്ഞു.
സ്‌കൂളിന് ഉള്ളിലും സ്വകാര്യതയും അന്തസ്സും ഉൾപ്പടെയുള്ള മൗലിക അവകാശങ്ങൾക്ക് പെൺകുട്ടികൾക്ക് അവകാശം ഉണ്ടെന്നും സുധാംശു ധുലിയ തന്റെ വിധിയിൽ വ്യക്തമാക്കി. സ്‌കൂൾ ഗേറ്റിന് പുറത്ത് വച്ച് ഹിജാബ് നീക്കണം എന്ന് ആവശ്യപ്പെടുന്നത് പെൺകുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അത് അവരുടെ അന്തസ്സിന് നേരെയുള്ള അക്രമവുമാണ്. മതേതര വിദ്യാഭ്യാസം നിഷേധിക്കലാണെന്നും ധുലിയ കൂട്ടിച്ചേർത്തു. ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത് ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരജിക്കാർ ആവശ്യപ്പെടുന്നത് ഹിജാബ് ധരിക്കാനുള്ള അവകാശമാണ്. ജനാധിപത്യത്തിൽ അത്തരം ഒരു ആവശ്യം അധികമാണോയെന്നും ജസ്റ്റിസ് ധുലിയ ചോദിച്ചു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് പൊതുക്രമത്തിനും, സദാചാരത്തിനും എതിരാണോ എന്ന ചോദ്യത്തിൽ കർണാടക ഹൈക്കോടതി തങ്ങളുടെ വിധിയിൽ കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
''ഹിജാബ് ഇസ്‌ലാം മതത്തിലെ അഭിഭാജ്യഘടകം ആണോ അല്ലയോ എന്നത് ഈ കേസിനെ സംബന്ധിച്ചെടുത്തോളം പ്രസക്തമല്ല. ഹിജാബ് ധരിക്കുന്നത് മറ്റൊരാളുടെ അവകാശത്തെ ബാധിക്കുന്നില്ല. അത്‌കൊണ്ട് തന്നെ നിരോധനം നീതികരിക്കപ്പെടുന്നില്ല, മതപരമായ കാര്യങ്ങളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് രാമജന്മഭൂമി കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മതാചാരങ്ങൾ വ്യാഖ്യാനിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണം''- ജസ്റ്റിസ് ധുലിയ അഭിപ്രായപ്പെട്ടു.
പെൺകുട്ടിക്ക് വിദ്യാഭ്യാസം ഉറപ്പാക്കൽ ആണോ അതോ യൂണിഫോം നിർബന്ധം ആക്കൽ ആണോ പ്രധാനപ്പെട്ട കാര്യം എന്ന് സംസ്ഥാന സർക്കാരും സ്‌കൂൾ മാനേജ്മെന്റുകളും വ്യക്തമാക്കണം. ഹിജാബ് നിരോധിച്ചതിനാൽ പല പെൺകുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിച്ചില്ല. ചിലർ മദ്രസ വിദ്യാഭ്യാസത്തിലേക്ക് മാറി. ഹിജാബ് ധരിക്കുന്നു എന്ന ഒറ്റ കാരണത്താൽ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കണമോ എന്നും ജസ്റ്റിസ് ദുലിയ ചോദിച്ചു.