പുറത്താക്കിയിട്ടും മുറി ഒഴിഞ്ഞുകൊടുത്തില്ല; പ്രിന്‍സിപ്പലിനെ സീറ്റോടെ 'പൊക്കി പുറത്തിട്ട്' അധികൃതര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണു സംഭവം

Update: 2024-07-08 15:05 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റാരോപിതയായ പ്രിന്‍സിപ്പലിനെ ബലപ്രയോഗത്തിലൂടെ സ്ഥാനത്തുനിന്നു നീക്കി അധികൃതര്‍. ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെ പുറത്താക്കിയെങ്കിലും അധ്യാപിക സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇതോടെയാണ് അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഇറക്കിവിട്ടത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണു സംഭവം.

പ്രയാഗ്‌രാജിലെ ബിഷപ്പ് ജോണ്‍സന്‍ ഗേള്‍സ് സ്‌കൂള്‍ ആന്‍ഡ് കോളജിലാണ് ഈ വര്‍ഷം ആദ്യത്തില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. കമലേഷ് കുമാര്‍ പാല്‍ എന്ന പേരുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഘാംഗത്തിന്റെ നേതൃത്വത്തിലാണ് ചോര്‍ത്തല്‍ നടന്നത്. ചോദ്യപേപ്പര്‍ ട്രഷറിയില്‍നിന്ന് സ്‌കൂളിലെത്തിയ ദിവസം കമലേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫോട്ടോ എടുത്ത് പരീക്ഷയ്ക്കുമുന്‍പായി പുറത്തുവിടുകയായിരുന്നു. സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റിലാകുകയും ചെയ്തു.

കൂടുതല്‍ അന്വേഷണത്തിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരുള്‍ സോളമന്റെ പങ്കും പുറത്തുവരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ഇവരും കൂട്ടുനിന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ പരുളിനെ സ്ഥാനത്തുനിന്നു നീക്കുകയും സ്ഥാപനത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. എന്നാല്‍, മാനേജ്‌മെന്റ് ഉത്തരവ് വന്ന ശേഷവും പ്രിന്‍സിപ്പലുടെ മുറി ഒഴിഞ്ഞുകൊടുക്കാന്‍ പരുള്‍ സോളമന്‍ തയാറായില്ല. മുറിയിലെ കസേരയില്‍ തന്നെ അള്ളിപിടിച്ചിരുന്ന ഇവരെ പിന്നീട് അധ്യാപകനും സ്റ്റാഫ് അംഗങ്ങളും അധികൃതരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു.

സംഭവത്തിനു പിന്നാലെ അധ്യാപകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പരുള്‍ സോളമന്‍. എന്നാല്‍, പ്രിന്‍സിപ്പല്‍ കാലയളവില്‍ സ്‌കൂളില്‍നിന്ന് 2.4 കോടി രൂപ തട്ടിയതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Summary: School principal forcibly removed over paper leak allegations in UP's Prayagraj

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News