സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാൻ വിദ്യാർഥികളെ പള്ളിയിലെ ശിൽപശാലയ്ക്ക് കൊണ്ടുപോയി; പ്രിൻസിപ്പലിന് സസ്പെൻഷൻ
ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെതിരെ വിഎച്ച്പി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് നടപടി.
പനാജി: സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാൻ ശിൽപശാലയ്ക്കായി വിദ്യാർഥികളെ പള്ളിയിലേക്ക് കൊണ്ടുപോയതിന് സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ദക്ഷിണ ഗോവയിലെ ദാബോലിമിലാണ് സംഭവം. ഇവിടുത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.
ശനിയാഴ്ച ദബോലിമിലെ പള്ളിയിൽ വിദ്യാർഥി സംഘടനയായ എസ്‌ഐഒ സംഘടിപ്പിച്ച വിദ്യാഭ്യാസ ശിൽപശാലയിലേക്കാണ്, അവരുടെ ക്ഷണപ്രകാരം പ്രിൻസിപ്പൽ വിദ്യാർഥികളെ കൊണ്ടുപോയത്. എന്നാൽ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ഒരു സംഘടനയുടെ ക്ഷണപ്രകാരമാണ് പ്രസ്തുത ശിൽപശാല സംഘടിപ്പിച്ചതെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് സ്കൂൾ അധികൃതരുടെ നടപടി.
എന്നാൽ, സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാനായി മുമ്പും ക്ഷേത്രങ്ങളിലും ചർച്ചുകളിലും പള്ളികളിലും സമാനമായ രീതിയിൽ വിദ്യാർഥികളുടെ സന്ദർശനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. 'എല്ലാ മതങ്ങളിൽ നിന്നുമുള്ള കുട്ടികളും സ്‌കൂളിൽ പഠിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളിലെ ചില വിദ്യാർഥികളും മസ്ജിദ് സന്ദർശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് എന്നെ സസ്‌പെൻഡ് ചെയ്തതെന്ന് അറിയില്ല'- പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കർ പറഞ്ഞു. വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇത്തരം പരിപാടികൾ പതിവാണെന്നും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ടെന്നും ശിൽപശാല സംഘടിപ്പിച്ച എസ്‌ഐഒയുടെ മാതൃസംഘടനായ ജമാത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഇത് ചെറിയ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യാനും മതപരിവർത്തനം നടത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിഎച്ച്പി ആരോപണം. വിഷയത്തിൽ, സ്കൂൾ മാനേജ്‌മെന്റ് ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകിയേക്കും.