ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിൽ സി.സി.ടി.വി കാമറകൾ; നടപടിയുമായി മഹാരാഷ്ട്ര സർക്കാർ
സ്‌കൂളുകൾക്ക് സർക്കാർ നിർദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
നാഗ്പൂർ: പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സർക്കാർ നിർദേശം നൽകുമെന്നും ഉപമുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുംബൈയിൽ സ്‌കൂൾ വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് സഹപാഠികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ ഖപാരെ ഈ ചോദ്യം ഉന്നയിച്ചത്. ചില മാനേജ്‌മെന്റ് സ്‌കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ എന്നാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് സിസിടിവി ക്യാമറകൾ സ്ഥാപിക്കനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കാമറകൾ സ്ഥാപിക്കുന്നതോടെ ഇത്തരം അതിക്രമങ്ങൾ കുറയുമെന്നാണ് കരുതുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
സംസ്ഥാന സർക്കാർ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് കർമപദ്ധതി തയ്യാറാക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. 'ഗുഡ് ടച്ച്-ബാഡ് ടച്ച് ബോധവൽക്കരണ പരിപാടി ഇതിനകം തന്നെ പല സ്‌കൂളുകളിലും നടക്കുന്നുണ്ട്. ഇത് പെൺകുട്ടികൾക്കിടയിൽ വലിയ മാറ്റം വരുത്തും. മോശമായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ അക്കാര്യം അവർക്ക് മനസിലാക്കാനും സ്വയം രക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.