ചന്ദ്രനിൽ ഇന്ത്യയുടെ അഭിമാനം കുറിച്ചവർ, ചന്ദ്രയാന് ചുക്കാൻ പിടിച്ചത് ഇവരാണ്...
ഐഎസ്ആർഒയുടെ പെൺകരുത്തും ഈ ദൗത്യത്തിന് പിന്നിലുണ്ട്. 54 സ്ത്രീ ശാസ്ത്രഞ്ജരാണ് ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച് ചന്ദ്രയാൻ 3 ശാസ്ത്രഗവേഷണ രംഗത്ത് വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. ഐഎസ്ആർഒയുടെ തൊപ്പിയിൽ ഒരു പൊൻതൂവലായി വിക്ഷേപണം വാഴ്ത്തപ്പെടുമ്പോൾ ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലാത്ത നിരവധി പേരും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരികയാണ് . ഈ അഭിമാന നിമിഷത്തിൽ ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയും മറ്റ് വ്യക്തികളെയും പരിചയപ്പെടാം.
ചന്ദ്രയാൻ 3 വിക്ഷേപിച്ച ശേഷം ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞതിങ്ങനെയാണ്. അത്രത്തോളം ആത്മവിശ്വാസം തുളുന്പുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രമാണ് എസ് സോമനാഥ്. മുമ്പ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ എന്നിവയുടെ മേധാവിയായിരുന്ന സോമനാഥ് ,ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്ക് എത്തിയതിന് പിന്നാലെയാണ് ചന്ദ്രയാന്‍-3 പദ്ധതി വേഗത്തിലാക്കാനുള്ള ഇന്ധനം പകർന്നത്.
2019ൽ ചന്ദ്രയാന്‍ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റ പി. വീരമുത്തുവേല്‍ ആണ് ദൗത്യത്തിനായി പരിശ്രമിച്ച മറ്റൊരാൾ. ഐഎസ്ആര്‍ഒ ആസ്ഥാനത്തെ സ്‌പേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വീരമുത്തുവേല്‍, ചന്ദ്രയാന്‍-2 വിക്ഷേപണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്..വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ തലവന്‍ എന്ന നിലയില്‍ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് എസ്. ഉണ്ണികൃഷ്ണന്‍ നായര്‍.
ചന്ദ്രയാന്റ ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക്-ത്രീ നിര്‍മ്മാണത്തിന്റെ ചുമതല ഉണ്ണികൃഷ്ണന്‍ നായര്‍ക്കായിരുന്നു. റോക്കറ്റിന്‍റെ രൂപകൽപന മുതൽ ലാൻഡറിന്‍റെ പ്രവേഗം നിയന്ത്രിക്കുന്ന സെൻസർ വരെ നിർമ്മിക്കുന്നതിൽ ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിന്റെ ഡയറക്ടറായ ഇ.എസ് പത്മകുമാറിന്റെ സംഭാവനയും വിലപ്പെട്ടതാണ്. രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡിങ്ങിലുണ്ടായ പിഴവ് പരിഹരിക്കാൻ ഇത്തവണ ലാൻഡറിലെ പ്രവേഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെൻസർ തയാറാക്കിയത് പത്മകുമാറിന്റെ നേതൃത്വത്തിലാണ്.
തിരുവനന്തപുരം സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് ചന്ദ്രയാനിലെ പ്രധാന ശാസ്ത്ര ഉപകരണങ്ങൾ നിർമ്മിച്ചത്. ഡോ. കെ രാജീവ് ആണ് ഈ സ്ഥാപനത്തിന്റെ മേധാവി. ചന്ദ്രോപരിതലത്തിലെ മണ്ണിന്‍റെ താപനില, വൈദ്യുതി കാന്തിക സ്വഭാവം, പ്ലാസ്മ സാന്ദ്രത എന്നിവ പഠിക്കുന്നതിനുള്ള പേ ലോഡുകൾ നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. നിലവില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ഡയറക്ടര്‍ കൂടിയായ എ.രാജരാജനും ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ലോഞ്ചിംഗിന് ഗ്രീൻ സിഗ്നൽ നൽകുന്ന എൽഎബിയുടെ ചെയർമാൻ കൂടിയാണ് രാജരാജൻ. യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറായ എം. ശങ്കരന്‍ ആണ് ചന്ദ്രയാൻ 3ന്റെ വിജയത്തിനായി പ്രവർത്തിച്ച മറ്റൊരാൾ. ഐഎസ്ആര്‍ഒയ്ക്കായി ഉപഗ്രഹങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും, അവയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതും യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ആണ്. മിഷൻ ഡയറക്ടർ മോഹന കുമാറും വെഹിക്കിൾ ഡയറക്ടർ ബിജു സി തോമസും ചന്ദ്രയാൻ 3 ദൌത്യത്തിൽ പ്രധാന പങ്കു വഹിച്ച മറ്റ് രണ്ടുപേരാണ്.
ചന്ദ്രയാൻ 3-ന്‍റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറും ഓൺ ബോർഡ് കമാൻഡ് ടെലിമെട്രി, ഡാറ്റ കൈകാര്യം ചെയ്യൽ, സംഭരണ സംവിധാനം എന്നിവയുടെ ചുമതല വഹിച്ചതും ചയൻ ദത്തയാണ്. ചന്ദ്രയാൻ-3ന്‍റെ ശക്തിയും ബുദ്ധിയും വഴികാട്ടികളുമെല്ലാമായവരിൽ ഏറെയും മലയാളികളാണ് എന്നത് കേരളത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഐഎസ്ആർഒയുടെ പെൺകരുത്തും ഈ ദൗത്യത്തിന് പിന്നിലുണ്ട്. 54 സ്ത്രീ ശാസ്ത്രഞ്ജരാണ് ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ചത്.