'എന്നെ അനുഗ്രഹിക്കൂ ജീ'; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ജ്യോതിരാദിത്യ സിന്ധ്യയുടെ കാൽ തൊട്ട് വന്ദിച്ച് മധ്യപ്രദേശ് മന്ത്രി
2020ൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച കാലുവാരലിൽ സിന്ധ്യയുടെ സംഘത്തിൽപ്പെട്ട 22 കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായിരുന്നു തോമർ.
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി ബിജെപി എംഎൽഎൽ. ഗ്വാളിയോർ എംഎൽഎ പ്രധുമൻ സിങ് തോമറാണ് സിന്ധ്യയുടെ കാലിൽ വീണത്. സംസ്ഥാനത്തെ 28 മന്ത്രിമാരിൽ ഒരാളായി തോമർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പാണ് ഇയാൾ സിന്ധ്യയുടെ കാൽ തൊട്ടുവന്ദിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ളവർക്കൊപ്പം തോമർ മുതിർന്ന പാർട്ടി നേതൃത്വത്തെ സ്വീകരിക്കാൻ ഭോപ്പാലിലെ സ്റ്റേറ്റ് ഹാംഗറിലേക്ക് പോയിരുന്നു. ഹാംഗറിൽ വച്ചാണ് തോമർ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കാലിൽ വീണ് അനുഗ്രഹം തേടിയത്.
2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച കാലുവാരലിൽ സിന്ധ്യയുടെ സംഘത്തിൽപ്പെട്ട 22 കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായിരുന്നു തോമർ.തുടർന്ന് ഇവരെല്ലാവരും ബിജെപിയിൽ ചേരുകയായിരുന്നു. സിന്ധ്യ പിന്നീട് കേന്ദ്രമന്ത്രിയാവുകയും ചെയ്തു. സിന്ധ്യയുടെ വിശ്വസ്തനാണ് തോമർ.
തിങ്കളാഴ്ച, തോമറിനെ കൂടാതെ സംപതിയ ഉയ്കെ, തുളസിറാം സിലാവത്ത്, ഐദൽ സിങ് കൻസാന, ഗോവിന്ദ് സിങ് രാജ്പുത്, വിശ്വാസ് സാരംഗ്, കൈലാഷ് വിജയവർഗിയ, പ്രഹ്ലാദ് പട്ടേൽ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി ആറ് നേതാക്കളും നാല് പേർ മറ്റു മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.