പാര്‍ലമെന്‍റില്‍ അദാനി വിഷയം ഉയർത്താൻ പ്രതിപക്ഷം, രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി

ഭരണ - പ്രതിപക്ഷ ബഹളത്തിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനം ഇരുസഭകളും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്

Update: 2023-03-13 01:39 GMT
Advertising

ഡല്‍ഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. അദാനി വിഷയം ഉയർത്തി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.

ഭരണ - പ്രതിപക്ഷ ബഹളത്തിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനം ഇരുസഭകളും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്. അദാനി ഓഹരി വിവാദം ഉയർത്തി ചർച്ച ആവശ്യപ്പെടാൻ പ്രതിപക്ഷം തീരുമാനിച്ചു. വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും. സഭകളിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം രാവിലെ ചേരും. പിന്നാലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗവും മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടക്കും.

രാഹുൽ ഗാന്ധിക്ക് എതിരായ അവകാശ ലംഘന നോട്ടീസ്, വിദേശത്തെ രാഹുലിന്റെ പ്രസംഗങ്ങൾ എന്നിവ പാർലമെന്റിൽ ബി.ജെ.പി ഉന്നയിക്കും. മോദി - അദാനി ബന്ധത്തിന് തെളിവുകൾ ഹാജരാക്കാതെ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാട്ടിയാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. രാഹുലിന്‍റെ ലോക്സഭാംഗത്വം റദാക്കണമെന്നാണ് ബി.ജെ.പി ആവശ്യം. ബജറ്റും ധന ബില്ലും വിവിധ മന്ത്രാലയങ്ങളുടെ ഉപധനാഭ്യർഥനകളും പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News