കോൺഗ്രസ് പ്രതിഷേധം; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാരുടെ നേതൃത്വത്തിലും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മറ്റ് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്
ന്യൂഡൽഹി: കോൺഗ്രസ് പ്രതിഷേധം മുൻകൂട്ടിക്കണ്ട് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ ഡൽഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തർ മന്ദർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം. എന്നാൽ, നാഷനൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിയുടെ കൂടി പശ്ചാത്തലത്തിൽ പ്രതിഷേധം കൂടുതൽ കനക്കുമെന്നുറപ്പാണ്. ഇതിനിടയിലാണ് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാർ മാർച്ച് നടത്തും. മറ്റു സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കും. വിജയ് ചൗക്കിൽനിന്നാണ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നത്. എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മറ്റൊരു മാർച്ച് നടക്കും. ഇതിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. എന്നാൽ, രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ രാജ്ഭവനിലേക്ക് മാർച്ച് നടക്കും. മന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെ 25,000 പേരെ മാർച്ചിൽ അണിനിരത്താനാണ് ഹൈക്കമാൻഡ് നിർദേശം.
Summary: Section 144 imposed in Delhi ahead of protest by Congress workers