മണിപ്പൂരിൽ വീണ്ടും സംഘർഷം: ഒരു ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു
മെയ്തേയി വിഭാഗക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു
ഇംഫാൽ:തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിൽ ജില്ലാ കലക്ടർ കർഫ്യു പ്രഖ്യാപിച്ച്. വ്യാഴാഴ്ച വൈകുന്നേരം മുളർഗാവിലെ മലഞ്ചെരുവിൽ നിന്നാണ് മെയ്തേയി വിഭാഗക്കാരനായ 59 കാരന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. സംഘർഷം വ്യാപിച്ചതോടെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
ജിരിബാമിലും സമീപ പ്രദേശങ്ങളിലും സംഘർഷങ്ങൾ നടക്കുകയാണ്. ജില്ലയിലെ കുക്കി വിഭാഗത്തിൻ്റെ വീടുകൾ ഒരു വിഭാഗം കത്തിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്‌ച ജനക്കൂട്ടം ജിരിബാം പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസിന് കൈമാറിയ തോക്കുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വംശീയ സംഘർഷത്തിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നൂറുകണക്കിന് ആളുകളാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയാണ് ജയിച്ചത്. പ്രദേശത്ത് പൊലീസ് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.