മതേതരത്വത്തെ പ്രീണനമെന്ന് ദുർവ്യാഖ്യാനിച്ച് ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു: പി.ചിദംബരം
നിങ്ങൾ ഹിന്ദുവല്ലെങ്കിൽ അർധ പൗരനും മുസ്‌ലിമാണെങ്കിൽ പൗരനല്ലാതെയുമാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ചിദംബരം പറഞ്ഞു.
ന്യൂഡൽഹി: മതേതരത്വം എന്ന ആശയത്തെ പ്രീണനമാക്കി ദുർവ്യാഖ്യാനിച്ച് അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. നിങ്ങൾ ഹിന്ദുവല്ലെങ്കിൽ അർധ പൗരനും മുസ്‌ലിമാണെങ്കിൽ പൗരനല്ലാതെയുമാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെന്റ് സേവിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ 'ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ വിഷയമാകേണ്ട ഒന്നല്ല മതം. എന്നാൽ ഇന്ന് തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മതമാണ്. അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെ ഇപ്പോൾ ദുർബലപ്പെടുത്തുകയാണെന്നും ചിദംബരം പറഞ്ഞു.
മാധ്യമങ്ങളും സാധാരണക്കാരും എം.പിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ ഭീതിയിലാണ് കഴിയുന്നത്. അത് ജനാധിപത്യ വിരുദ്ധമാണ്. പല കേസുകളിലും സംസ്ഥാന പൊലീസിന്റെ അധികാരം മറികടന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയാണെന്നും ചിദംബരം ആരോപിച്ചു.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ചിദംബരം പറഞ്ഞു. ഒരു രാജ്യം, ഒരു റേഷൻ കാർഡ്, ഒരു ഭക്ഷണ ശീലം, ഒരു ഭാഷ തുടങ്ങിയ ആശയങ്ങളെല്ലാം ജനാധിപത്യ വിരുദ്ധമാണ്.
ഹിന്ദി സംസാരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നില്ല. പല സ്‌കൂളിലും ഇംഗ്ലീഷ് അധ്യാപകരില്ല. ഇത് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കും. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമാണ് ത്രി ഭാഷ ഫോർമുല ശരിയായ രീതിയിൽ നടപ്പാക്കിയതെന്നും ചിദംബരം പറഞ്ഞു.