മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ജീവന് ഭീഷണിയെന്ന്; സുരക്ഷ ശക്തമാക്കി
മുംബൈയിലെ ഔദ്യോഗിക വസതിയായ 'വർഷ'യിലും താനെയിലെ സ്വന്തം വീട്ടിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയെ തുടർന്ന് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഷിൻഡെയുടെ ജീവന് ഭീഷണിയുണ്ടെന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി സംസ്ഥാന ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് (എസ്‌ഐഡി) കമ്മീഷണർ അശുതോഷ് ഡംബ്രെ പറഞ്ഞു.
"അതോടെ ഞങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു"- ഡംബ്രെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അതോടൊപ്പം അധിക സുരക്ഷയും ഏർപ്പെടുത്തി. മുംബൈയിലെ ഔദ്യോഗിക വസതിയായ 'വർഷ'യിലും താനെയിലെ സ്വന്തം വീട്ടിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
എന്നാൽ താനിതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. "ആഭ്യന്തര മന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് കഴിവുള്ള വ്യക്തിയാണ്. ഞങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുന്നു. ഇത്തരം ഭീഷണികളെ ഞാൻ ഭയപ്പെടില്ല. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും കഴിയില്ല. അവർക്കായി ഞാൻ തുടർന്നും പ്രവർത്തിക്കും"- ഷിൻഡെ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ അഞ്ചിന് മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ ഏകനാഥ് ഷിൻഡെ തന്റെ ആദ്യ ദസറ റാലിയെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഭീഷണിയുണ്ടായെന്ന വാദങ്ങൾ ഉയരുന്നത്. ജൂണിലാണ്, കോൺഗ്രസ്- എൻ.സി.പി- ശിവസേന സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിക്കൊപ്പം പോയ ഷിൻഡെ തുടർന്ന് അവരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചത്.