പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച; പൂമാലയുമായി തൊട്ടടുത്തെത്തി യുവാവ്
29-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
ബെംഗളൂരു: കർണാടകയിലെ ഹൂബ്ലിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച. പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ യുവാവിനെ അവസാന നിമിഷം സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് ഔദ്യോഗിക വാഹനത്തിന്റെ ഫൂട്ട്‌ബോർഡിൽ നിൽക്കുകയായിരുന്ന പ്രധാനമന്ത്രിയെ ഹാരാർപ്പണം നടത്താനായിരുന്നു യുവാവിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ പ്രധാനമന്ത്രി മാല വാങ്ങി കാറിന്റെ ബോണറ്റിൽ വെച്ചു.
Security Breach during #PM #Modi's Road Show in #Hubbali #Karnataka.I don't understand why is Hubbali Police saying no security Breach. An unknown person is reaching so close to PM and giving flower garland .... @PMOIndia @BJP4Karnataka @BJP4India pic.twitter.com/hnYZO0uCQ5
— Yasir Mushtaq (@path2shah) January 12, 2023
എയർപോർട്ട് മുതൽ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ ബാരിക്കേഡിന് പിന്നിലാക്കി വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനിടെ ഒരാൾക്ക് പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് എത്താനായി എന്നത് വൻ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.
29-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. വിമാനത്താവളം മുതൽ യുവജനോത്സവം നടക്കുന്ന റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഇതിൽ ജനങ്ങളെ നിയന്ത്രിക്കാനുള്ള ചുമതല സംസ്ഥാന പൊലീസിനാണ്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയും സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. ഫിറോസ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മേൽപ്പാലത്തിൽവെച്ച് 20 മിനിറ്റ് നേരത്തോളം കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പ്രധാനമന്ത്രിയുടെ വാഹവ്യൂഹത്തെ തടഞ്ഞുവെക്കുകയായിരുന്നു.