'ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍'; അമിത് ഷായ്ക്ക് മല്ലികാർജുൻ ഖാർഗെയുടെ കത്ത്

യാത്രക്ക് അസം സർക്കാർ വേണ്ട സുരക്ഷ ഒരുക്കുന്നില്ല. ബി.ജെ.പി പ്രവർത്തകർ യാത്രയെ തടയുകയാണെന്നും യാത്രക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു

Update: 2024-01-24 03:34 GMT
Advertising

ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. യാത്രക്ക് അസം സർക്കാർ വേണ്ട സുരക്ഷ ഒരുക്കുന്നില്ല. ബി.ജെ.പി പ്രവർത്തകർ യാത്രയെ തടയുകയാണെന്നും  യാത്രക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കനയ്യ കുമാർ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.

പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാർക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. മേഘാലയിലെ പര്യടനത്തിനുശേഷം ഇന്നലെ രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്ര പൊലീസ് തടഞ്ഞത്. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്ത് യാത്രക്ക് ഗുവാഹത്തിയിലേക്ക് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് യാത്രയെ തടഞ്ഞത്.

'Security problems for Rahul Gandhi on Nyai Yatra'; Mallikarjun Kharge's letter to Amit Shah

ഇതോടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പൊലീസ് ബാരിക്കേഡ് തകർത്തു. പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. നിർഭയമായി യാത്ര തുടരുമെന്നും അനുമതി നിഷേധിക്കുന്ന അസം സർക്കാറിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബാരിക്കേഡ് പൊളിച്ചതിലാണ് കേസ് എടുത്തത്. ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും രാഹുൽ പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ എക്‌സിൽ കുറിച്ചിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News