യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച യു.പി മുന്‍ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹ കേസ്
ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച യു.പി മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്. ബിജെപി പ്രവര്‍ത്തകന്‍ ആകാശ് കുമാര്‍ സക്‌സേന നല്‍കിയ പരാതിയിലാണ് കേസ്. 'രക്തം കുടിക്കുന്ന പിശാചു'മായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി.
രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ- "സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വസതി സന്ദര്‍ശിച്ച ശേഷം ഖുറേഷി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. രക്തം കുടിക്കുന്ന ഭൂതവുമായി താരതമ്യം ചെയ്തു. പരാമര്‍ശത്തിന് രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും കഴിയും". വിവിധ ചാനലുകൾ സംപ്രേഷണം ചെയ്ത ഖുറേഷിയുടെ ദൃശ്യങ്ങള്‍ ബിജെപി പ്രവര്‍ത്തകന്‍ പൊലീസിന് കൈമാറി.
ഖുറേഷിക്കെതിരെ സെക്ഷൻ 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കൽ), 124 എ (രാജ്യദ്രോഹം), 505 (1) ബി (ജനങ്ങളില്‍ ഭയം ജനിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
81 വയസുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ഖുറേഷി. 2014 മുതൽ 2015 വരെ മിസോറാം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറച്ചുകാലം അദ്ദേഹത്തിന് ഉത്തർപ്രദേശിന്‍റെ ചുമതലയും ഉണ്ടായിരുന്നു.