രക്ഷാബന്ധൻ: പ്രധാനമന്ത്രി മോദിക്കും അമിത് ഷാക്കും രാഖി അയച്ച് സീമ ഹൈദർ
കാമുകനായ സച്ചിനൊപ്പം ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്
രക്ഷാബന്ധൻ ആചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർക്ക് രാഖി അയച്ച് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ സീമ ഹൈദർ. മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർക്കും രാഖി അയച്ചതായി സീമ ഹൈദർ തന്നെയാണ് വ്യക്തമാക്കിയത്. ആഗസ്ത് 30നാണ് രക്ഷബന്ധൻ ആചാരണം നടക്കുന്നത്. നോയിഡ സ്വദേശിയും കാമുകനുമായ ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ മീണക്കൊപ്പം (22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്.
അതിനിടെ, ഇന്ത്യക്കാരനെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് ബംഗ്ലാദേശ് പൗര കഴിഞ്ഞ ദിവസം നോയിഡയിൽ എത്തിയിരുന്നു. സൗരവ് കാന്ത് തിവാരിയെന്നയാളെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് സാനിയ അക്തറാണ് കുഞ്ഞുമായെത്തിയത്.
പബ്ജി വഴി പ്രണയം; നാലു മക്കൾക്കൊപ്പം സീമയെത്തിയത് നേപ്പാളിലൂടെ...
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് സച്ചിൻ മീണക്കൊപ്പം സീമ ഹൈദർ ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുമ്പ് നാലുകുട്ടികളുമായാണ് ഇവർ നേപ്പാൾ അതിർത്തിവഴി ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാകിസ്താൻ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്നും വ്യക്തമായത്. സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവിൽ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.
അതിനിടെ, ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സീമ ഹൈദർ കത്തയച്ചിരുന്നു. സച്ചിനെ വിവാഹം ചെയ്‌തെന്നും ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സീമയുടെ ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകനായ എ.പി സിങ് മുഖേനയാണ് സീമ ഹൈദർ അപേക്ഷ നൽകിയത്. ഇന്ത്യൻ സംസ്‌കാരം പറയുന്നത് ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക, വസുധൈവ കുടുംബകം എന്നതാണ്. അതിനാൽ സീമയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് എ.പി സിങ് ആവശ്യപ്പെട്ടു.
നേപ്പാളിൽ വെച്ച് സച്ചിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് താൻ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതത്തിലേക്ക് മാറിയെന്ന് സീമ ഹരജിയിൽ പറയുന്നു- 'ഇന്ത്യയിലേക്ക് വരാൻ വിസ ലഭിച്ചില്ല. തുടർന്നാണ് നേപ്പാളിലെത്തിയത്. ഹിന്ദുമതത്തിലേക്ക് മാറി. മാർച്ച് 13ന് കാഠ്മണ്ഡുവിലെ ക്ഷേത്രമായ ഭഗവാൻ പശുപതി നാഥ് മന്ദിറിൽ വെച്ച് ഹിന്ദു ആചാരപ്രകാരം സച്ചിൻ മീണയെ വിവാഹം കഴിച്ചു'. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവായി കണക്കാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തന്നെ കള്ളക്കേസിൽ കുടുക്കാൻ പൊതു, രാഷ്ട്രീയ, മാധ്യമ സമ്മർദം ഉണ്ടായിട്ടുണ്ടെന്ന് ഹരജിക്കാരി ആരോപിച്ചു.
അതിനിടെ സീമക്ക് സിനിമയിൽ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. 'ജാനി ഫയർഫോക്‌സ്' നിർമിക്കുന്ന 'എ ടെയ്‌ലർ മർഡർ സ്റ്റോറി' എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയിൽ 'റോ' ഉദ്യോഗസ്ഥയായാണ് സീമ വേഷമിടുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജാനി ഫയർഫോക്‌സ് സംഘം സീമ ഹൈദറിനെയും ഭർത്താവ് സച്ചിനെയും നേരിട്ടുകണ്ടു സംസാരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
Raksha Bandhan: Seema Haider sends Rakhi to PM Modi and Amit Shah