‘സൈന്യത്തിന്റെ പ്രവർത്തനക്ഷമതയും പോരാട്ടവീര്യവും കുറയ്ക്കും’; അഗ്നിവീറിനെതിരെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ

അഗ്നിവീറുകളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചു വലിച്ചെറിയുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു

Update: 2024-07-05 09:38 GMT

representative image

Advertising

ന്യൂഡൽഹി: സൈന്യത്തിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് അരങ്ങേറുന്നത്. അഗ്നിവീറുകളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചു വലിച്ചെറിയുകയാണെന്നും കൊല്ലപ്പെട്ട സൈനികന് നഷ്ടപരിഹാരമോ രക്തസാക്ഷി പദവിയോ നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്നെ രംഗത്തുവരികയുണ്ടായി. രാഹുല്‍ കള്ളം പറയുകയാണെന്നും സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാദം. എന്നാൽ, അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവച്ച് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം രംഗത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി.

അഗ്നിവീർ പദ്ധതി സൈന്യത്തിന്റെ പ്രവർത്തനക്ഷമതയും പോരാട്ടവീര്യവും കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിമുക്ത ഭടൻമാരും. ആവശ്യമായ പരിചയസമ്പത്ത് ലഭിച്ച് ഒരു സൈനികൻ പൂർണതോതിൽ യുദ്ധത്തിന് സജ്ജമാകാൻ ഏഴ് മുതൽ എട്ട് വർഷം വരെയടുക്കും. എന്നാൽ, 2022 ജൂണിൽ ആരംഭിച്ച അഗ്നിവീർ പദ്ധതി പ്രകാരം ജോലി ലഭിച്ചവരിൽ 75 ശതമാനം പേരും നാല് വർഷം കഴിഞ്ഞാൽ സൈന്യത്തിൽനിന്ന് പിരിഞ്ഞുപോകണം. കൂടുതൽ സാ​ങ്കേതിക വിദ്യകൾ ആവശ്യമായി വരുന്ന നേവിയെയും വ്യോമസേനയെയും അടക്കം ഇത് ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

‘ദ്രുതഗതിയിലുള്ള സാ​ങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. അഗ്നിവീറിലെ ഭൂരിഭാഗം പേരും നാല് വർഷം കഴിഞ്ഞാൽ പിരിഞ്ഞുപോകും. അവർക്ക് എന്തിനാണ് അത്യാധുനിക ആയുധ സംവിധാനങ്ങളെയും മിസൈലുകളെയും യന്ത്രങ്ങളെയും കുറിച്ച് പഠിപ്പിക്കാൻ സായുധന സേന സമയവും പണവും കളയുന്നത്’ -ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നിലവിൽ യുദ്ധസന്നദ്ധരായ സൈനികരുടെ അഭാവം സൈന്യത്തിലുണ്ട്. ഓരോ വർഷവും ഏകദേശം 60,000 സൈനികരാണ് വിരമിക്കുന്നത്. എന്നാൽ, 40,000 പേരെ മാത്രമാണ് അഗ്നിവീർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഉയർന്ന ശമ്പളം, പെൻഷൻ തുക എന്നിവക്ക് വരുന്ന ചെലവ് കുറയ്ക്കുകയാണ് സർക്കാർ അഗ്നിപഥ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാല് വർഷം കഴിഞ്ഞ് നിലനിർത്തുന്ന അഗ്നിവീറുകളുടെ എണ്ണം 25 ശതമാനത്തിൽനിന്ന് 60 ശതമാനം വരെയായി ഉയർത്തണമെന്നും സൈന്യം ആവശ്യപ്പെടുന്നുണ്ട്.

‘പെൻഷൻ ബിൽ കുറയ്ക്കുകയാണ് അഗ്നിവീർ പദ്ധതി കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ഈ പദ്ധതി ഫലപ്രാപ്തി കുറയ്ക്കുമെന്ന വസ്തുത ദേശസുരക്ഷയെക്കുറിച്ച് ധാരണയുള്ളവർക്കെല്ലാം അറിയാം’ -2021ൽ നേവി ചീഫായി വിരമിച്ച അഡ്മിറൽ കെ.ബി. സിങ് എക്സിൽ കുറിച്ചു.

‘ദേശസുരക്ഷയിൽനിന്ന് സാമ്പത്തിക ശാസ്ത്രം എപ്പോഴും അകലം പാലിക്കണം. പ്രവർത്തനക്ഷമത കുറയ്ക്കുമോ അതോ വർധിപ്പിക്കുമോ എന്നതാകണം എപ്പോഴും സൈന്യത്തിൽ മാറ്റവും പരിഷ്കാരവും കൊണ്ടുവരേണ്ടതിന്റെ മാനദണ്ഡം’ -മുൻ നേവി ചീഫ് അഡ്മിറൽ അരുൺ പ്രകാശ് പറഞ്ഞു.

സാധാരണ സൈനികർക്ക് 11 മാസത്തെ പരിശീലനമാണ് നൽകിയിരുന്നത്. എന്നാൽ, അഗ്നിവീറുകൾക്ക് ആറ് മാസത്തെ അടിസ്ഥാന പരിശീലനം മാത്രമാണ് ലഭിക്കുന്നത്.

പത്ത് ശതമാനം പേരെ മാത്രമേ ഹ്രസ്വകാല സേവനത്തിനായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാവൂവെന്ന് സൈന്യം നിർദേശിച്ചിരുന്നതായി മുൻ ആർമി ചീഫ് ജനറൽ എം.എം. നരവൻസ് പറഞ്ഞു. എന്നാൽ, 100 ശതമാനം പേരെയും ഹ്രസ്വകാലത്തേക്ക് റിക്രൂട്ട് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. റിക്രൂട്ട് ചെയ്ത 75 ശതമാനം പേരെയും നിലനിർത്തണമെന്ന് പിന്നീട് സൈന്യം ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല.

അഗ്നിപഥ് പദ്ധതി ഇതിനകം തന്നെ വിവിധ ബറ്റാലിയനുകളുടെ സുപ്രധാനമായ ഐക്യത്തിലും സൗഹൃദത്തിലും ഉത്സാഹത്തിലും വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ‘ഇപ്പോൾ രണ്ട് തരം സൈനികരുണ്ട്. അഗ്നിവീറുകളും കൂടാതെ വാർഷിക അവധിയും ഉയർന്ന സാലറിയും പെൻഷനുമുള്ള സാധാരണ സൈനികരും. സാധാരണ സൈനികനായി നിലനിർത്താനുള്ള യോഗ്യത​ക്കായി അഗ്നിവീറുകൾക്കിടയിൽ അനാരോഗ്യകരാമയ മത്സരങ്ങൾ ഉയർന്നുവരുന്നുണ്ട്. ഭരണഘടന 100 തവണ മാറ്റാമെങ്കിൽ, അഗ്നിപഥിൽ എന്തുകൊണ്ട് മാറ്റം വരുത്തിക്കൂട?’-അദ്ദേഹം ചോദിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News