അരുണാചലിൽ ഹിമപാതത്തിൽ കുടുങ്ങിയ ഏഴ് സൈനികർ മരിച്ചു

ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു

Update: 2022-02-09 02:29 GMT
Editor : Lissy P | By : Web Desk
Advertising

അരുണാചൽ പ്രദേശിലെ കമെങ് സെക്ടറിലെ ഉയർന്ന പ്രദേശത്തുണ്ടായ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു.ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു.ഞായറാഴ്ച പെട്രേളിങ്ങിനിടെയാണ് അപകടമുണ്ടായത്.സൈനികരായ അൻകേഷ്, അക്ഷയ് പത്താനിയ, രാകേഷ് സിങ്, ജുഗൽ കിഷോർ, വിശാൽ ശർമ,ജനറൽ ഗുർബജ് സിങ്, അരുൺ കട്ടൽ എന്നിവരാണ് മരിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്ന് റിപ്പോർട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തവാങ് ജില്ലാ ആസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെയാണ് ചുമേ ഗ്യാറ്റർ പ്രദേശം. ജമ്മു & കശ്മീർ റൈഫിൾസ്, ഇൻഫൻട്രി റെജിമെന്റിൽ നിന്നുള്ളവരാണ് മരിച്ച ഏഴ് സൈനികരും.

അതേസമയം, ഏഴ് സൈനികരുടെ വിയോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.അരുണാചൽ പ്രദേശിലെ മഞ്ഞുവീഴ്ചയിൽ  ധീര ജവാൻമാരുടെ വിയോഗത്തിൽ ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മമത പറഞ്ഞു. ജവാൻമാർ നിസ്വാർത്ഥമായി നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് വേണ്ടി പരിശ്രമിക്കുന്നത്. ജവാൻമാർക്ക് എന്റെ സല്യൂട്ട്. അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ഹിമപാത ദുരന്തത്തിൽ കരസേനാംഗങ്ങളുടെ മരണവാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. രക്തസാക്ഷികൾക്ക് എന്റെ അഭിവാദ്യം എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഉപരാഷ്ട്രപതി വെങ്കിട്ടനായിഡു, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ എന്നിവരും സൈനികരുടെ മരണത്തിൽ അനുശോചിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News