തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു
കടലൂരിലെ നെല്ലിക്കുപ്പത്തിനടുത്ത കുച്ചിപ്പാളയത്ത് ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു. തടയിണയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപെട്ടത്.
കടലൂരിലെ നെല്ലിക്കുപ്പത്തിനടുത്ത കുച്ചിപ്പാളയത്ത് ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം. ഒരേ കുടുംബത്തിലെ കുട്ടികളാണ് സംഭവത്തിൽ മരിച്ചത്. ഗെഡിലം പുഴയിലെ ചെക്ക് ഡാമിൽ കുടുംബസമേതം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇതിനിടെ ചുഴിയിൽ രണ്ടു കുട്ടികൾ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റുള്ളവരും ശ്രമം നടത്തുന്നതിനിടെ എല്ലാവരും ചുഴിയിൽപെട്ടു.
പിന്നീട് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികളെല്ലാം. എല്ലാവരും കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണ്. മൃതദേഹങ്ങൾ കടലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Summary: Seven girls drown to death in Cuddalore, Tamilnadu