ഏത് നിയമത്തിന്റെ പിൻബലത്തിലാണ് യോഗി സർക്കാർ വീടുകൾ ജെസിബി കൊണ്ട് പൊളിച്ച് മാറ്റുന്നത്? ഷാഫി പറമ്പില്‍
'പ്രതിഷേധം എന്ന് മുതലാണ് ഭരണകൂടത്തിന് വീട് തകർക്കാനുള്ള ലൈസൻസ് ആയി മാറിയത്?'
ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരെ ഷാഫി പറമ്പില്‍ എം.എല്‍.എ. രാജ്യത്ത് നിലനിൽക്കുന്ന ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കുറ്റാരോപിതരുടെ വീടുകൾ ജെസിബി കൊണ്ട് യോഗി സർക്കാർ പൊളിച്ച് മാറ്റുന്നതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
പ്രതിഷേധം എന്ന് മുതലാണ് ഭരണകൂടത്തിന് വീട് തകർക്കാനുള്ള ലൈസൻസ് ആയി മാറിയത്? നിയമവിരുദ്ധ നിർമാണമെങ്കിൽ അതിനു നിയമപരമായ നടപടിക്രമങ്ങൾ ആര്, എവിടെ പാലിച്ചു? ഇനി ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിന് ഭരണഘടന അനുശാസിക്കുന്ന ശിക്ഷയ്ക്ക് പകരം അവരുടെ ഭവനം പൊളിച്ച് മാറ്റാനുള്ള ഉത്തരവ് ഏത് കോടതിയിൽ നിന്നാണുണ്ടായതെന്നും ഷാഫി പറമ്പില്‍ ചോദിക്കുന്നു.
വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ് രാജിലെ വീട് കഴിഞ്ഞ ദിവസം പൂർണമായും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് നടപടി. പ്രവാചക നിന്ദക്കെതിരെ വെള്ളിയാഴ്ച പ്രയാഗ് രാജിൽ നടത്തിയ പ്രതിഷേധത്തിന് ആഹ്വാനം നൽകിയെന്ന് ആരോപിച്ച് മുഹമ്മദ് ജാവേദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കെട്ടിടം പൊളിക്കുമെന്ന് കാട്ടി നൽകിയ നോട്ടീസിലെ വിവരങ്ങൾ തെറ്റാണെന്ന് പരാതിയുണ്ട്. നിയമ നടപടിക്ക് സമയം നൽകാതെ അർധരാത്രിയിലാണ് നോട്ടീസ് പതിപ്പിച്ചതെന്നാണ് പരാതി. വീട് പൊളിച്ചതിനെതിരെ ജാവേദ് മുഹമ്മദിന്റെ അഭിഭാഷകൻ അലഹാബാദ് ഹൈക്കോടതിയിൽ ഹരജി നൽകി.