മഥുര ഈദ്ഗാഹ് മസ്ജിദ്- കൃഷ്ണജന്മഭൂമി കേസ്; മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളി ഹൈക്കോടതി
തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളിലെ വിചാരണ തുടരാമെന്ന് ഹൈക്കോടതി വിധിച്ചു.
അലഹബാദ്: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്- കൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേസുമായി മുന്നോട്ടുപോകാനുള്ള ക്ഷേത്രം അധികൃതരുടെ അവകാശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളിലെ വിചാരണ തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. ജസ്‌റ്റിസ് മായങ്ക് കുമാർ ജെയിനാണ് വിധി പ്രസ്‌താവിച്ചത്. ആഗസ്റ്റ് 12നാണ് അടുത്ത വാദം കേൾക്കൽ.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കാലത്ത് നിർമിച്ചതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. ഇത് ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആരോപണം. മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവുമായി അതിർത്തി പങ്കിടുന്ന 13.37 ഏക്കർ സമുച്ചയത്തിൽ നിന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തത്.
അതേസമയം, ഹൈക്കോടതി നടപടിക്കെതിരെ തങ്ങൾ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി പറഞ്ഞു. 1991ലെ ആരാധനാലയ നിയമം അനുസരിച്ച്, മസ്ജിദിനെതിരെ സമർപ്പിക്കപ്പെട്ട കേസുകൾ തടഞ്ഞിട്ടുണ്ടെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡും വാദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റിക്കു വേണ്ടി അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവരാണ് ഹാജരായത്.