''മണിപ്പൂരിന് സമാനമായ സാഹചര്യം മഹാരാഷ്ട്രയിലും സംഭവിച്ചേക്കാം'': ആശങ്ക പ്രകടിപ്പിച്ച് ശരത് പവാർ

മറാഠ, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ മഹാരാഷ്ട്രയിൽ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ പ്രസ്താവന

Update: 2024-07-29 05:42 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മണിപ്പൂരിന് സമാനമായി മഹാരാഷ്ട്രയിൽ അക്രമ പരമ്പരകള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് എന്‍.സി.പി തലവന്‍ ശരത് പവാര്‍. എന്നാല്‍ പരസ്പര സൗഹാർദം പ്രോത്സാഹിപ്പിച്ച നേതാക്കന്മാരുടെ പാരമ്പര്യം ഉണ്ടായതുകൊണ്ടാണ് സംസ്ഥാനത്ത് അത്തരമൊരു സംഘര്‍ഷം ഉണ്ടാകാത്തതെന്നും ശരത് പവാര്‍ പറഞ്ഞു.

നവി മുംബൈയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന- കേന്ദ്ര സർക്കാറുകളെയും അദ്ദേഹം വിമര്‍ശിച്ചു.

''മണിപ്പൂരില്‍ കലാപം സംഭവിച്ചു. കര്‍ണാടക പോലെ അയൽ സംസ്ഥാനങ്ങളിലും സമാനമായത് ആവര്‍ത്തിച്ചു. അടുത്ത കാലത്തായി മഹാരാഷ്ട്രയിലും  സംഭവിക്കുമോ എന്ന ആശങ്കയുണ്ട്. ഭാഗ്യമെന്ന് പറയട്ടെ, ഐക്യവും സമത്വവും പ്രോത്സാഹിപ്പിച്ച നിരവധി പ്രമുഖരുടെ പാരമ്പര്യം മഹാരാഷ്ട്രയ്ക്കുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അകലുന്നത്''- ശരത് പവാര്‍ പറഞ്ഞു. 

മറാഠ, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ മഹാരാഷ്ട്രയിൽ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ പ്രസ്താവന. ഈ വിഷയം അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെങ്കിലും സംവരണവുമായി ബന്ധപ്പെട്ട് സമുദായങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഭിന്നതയെക്കുറിച്ചാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതെന്ന് വ്യക്തം. സംവരണ വിഷയത്തില്‍ കൂടുതൽ ചർച്ചകളിൽ ഏർപ്പെടാനാണ് അദ്ദേഹം മഹാരാഷ്ട്ര സർക്കാരിനോട് ആഹ്വാനം ചെയ്തത്. 

എന്നാല്‍ തണുപ്പന്‍ മട്ടിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഒരു കൂട്ടം ആളുകളുമായി സംസാരിക്കുമ്പോൾ സർക്കാരിലെ മറ്റുള്ളവർ വിവിധ ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തുകയാണെന്നും. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായും പവാര്‍ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ പവാർ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ സംവരണം സംബന്ധിച്ചാണ് കാര്യമായ ചർച്ച നടന്നത്. 

''മണിപ്പൂരിലെ വിവിധ വിഭാഗങ്ങളില്‍പെട്ട ആളുകൾ ഞങ്ങളെ കാണാൻ ഡൽഹിയിൽ വന്നിരുന്നു. അവർ ഞങ്ങള്‍ക്ക് നല്‍കിയ വിവരണത്തില്‍ തന്നെ എല്ലാമുണ്ടായിരുന്നു. തലമുറകളായി സൗഹാർദ്ദം കാത്തുസൂക്ഷിച്ച് ഒരുമിച്ച് ജീവിച്ച മണിപ്പൂരികൾ, ഇന്ന് പരസ്പരം സംസാരിക്കാൻ പോലും തയ്യാറല്ല. ഈ പ്രശ്നം പരിഹരിക്കാനും ക്രമസമാധാനം നിലനിർത്താനും സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അക്കാര്യം ചെയ്തില്ല''- ശരത് പവാര്‍ പറഞ്ഞു. ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രധാനമന്ത്രിക്ക് അവിടെ പോയി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ഒരിക്കല്‍പോലും തോന്നിയില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. 

മേയ് മൂന്നിനാണ് മണിപ്പുരിൽ കുക്കി-മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും പിന്നീട് വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News